അമ്പലപ്പുഴ : വാറ്റുചാരായവുമായി മൂന്ന് യുവാക്കളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചാരായ വില്പനക്കിടെ കരൂർ തൈപറമ്പ് വീട്ടിൽ കമലാഹസന്റെ മകൻ ലിജു (40), പ്രഷർ കുക്കറിൽ ചാരായം വാറ്റുന്നതിനിടെ തൈപറമ്പ് വീട്ടിൽ കുഞ്ഞുമോന്റെ മകൻ സുരേഷ് (47) തൈപറമ്പ് വീട്ടിൽ വിക്രമന്റെ മകൻ വിമൽകുമാർ (35)എന്നിവരെയുമാണ് അമ്പലപ്പുഴ സി. ഐ. മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വ രാത്രി 7.30 ഓടെ ലിജു കരൂർ പുത്തൻനട പെട്രോൾ പമ്പിന് സമീപം ചാരായം വിൽപന നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തുകയും തുടർന്ന് ചാരായവുമായി ലിജുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്നവർ ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെട്ടു. രാത്രി 11 ഓടെ സുരേഷും വിമൽ കുമാറും ചേർന്ന് വീടിന്റെ പിൻഭാഗത്ത് കുക്കറിൽ ചാരായം വാറ്റുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പൊലീസ് 3 ലിറ്റർ വാറ്റുചാരായവും, കുക്കറും. വാറ്റ് ഉപകരണങ്ങളുമുൾപ്പെടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.