bxn

ഹരിപ്പാട് : കുറച്ചു ചോദിച്ചപ്പോൾ ഒത്തിരി കിട്ടിയ സന്തോഷത്തിലാണ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി.കൈപ്പള്ളി. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് വേണ്ടിയാണ് ജൈവകർഷകനായ പുത്തൻവീട്ടിൽ കെ.പി.ഉദയകുമാറിനോട് പച്ചക്കറി ചോദിച്ചത്. ആവശ്യമുള്ളത് എടുത്തു കൊള്ളൂവെന്നായിരുന്നു ഉദയകുമാറിന്റെ മറുപടി.

ഉദയകുമാറിന്റെ തോട്ടത്തിലുണ്ടായിരുന്ന പത്തോളം ഇനം പച്ചക്കറികളാണ് സമൂഹ അടുക്കളയിലേക്ക് എത്തിച്ചത്. സമൂഹ അടുക്കളയിലേക്ക് കർകരിൽ നിന്നും പച്ചക്കറികൾ സംഭാവന ചെയ്യിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാർത്തികപ്പള്ളി കൃഷിഓഫീസർ ആർ. സുനിൽ കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ പ്രധാന ജൈവ കർഷകനായ ഉദയകുമാറിനോട് വിവരം പറയുന്നത്. തന്റെ തോട്ടത്തിലെ വിളവെടുപ്പ് പകുതിയിലധികം പൂർത്തിയായെന്നും ഉള്ളത് പരമാവധി നൽകാമെന്നും ഉദയകുമാർ മറുപടി നൽകി. മഹാദേവികാട് ഗവ.യു.പി സ്കൂളിലാണ് പഞ്ചായത്തിന്റെ സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. ഇതിനടുത്താണ് ഉദയന്റെ ഒരു പാവൽ തോട്ടമുള്ളത് . കഴിഞ്ഞ ദിവസം പ്രസിഡന്റും പഞ്ചായത്തംഗമായ ഉല്ലാസും കൃഷിഅസിസ്റ്റന്റ് ജി.ഹരികുമാറും ചേർന്ന് ഇവിടെ നിന്ന് പാവയ്ക്ക പറിച്ചെടുത്തു. ഉദയനും ഇവരോടൊപ്പം ചേർന്നു. ഇത് കൂടാതെ തന്റെ മറ്റു കൃഷിയിടങ്ങളിൽ നിന്നായി ചേന, കാച്ചിൽ, ചേമ്പ്, വെള്ളരി, കുക്കുംബർ, പച്ചമുളക്, വഴുതന, കാച്ചിൽ, ഏത്തക്കായ തുടങ്ങിയ ഇനങ്ങളും തേങ്ങയും ഒരുചാക്ക് അരിയും സമൂഹ അടുക്കളക്കായി ഉദയകുമാർ സംഭാവന ചെയ്തു. ഒരാഴ്ചയിലേറെ പാചകം ചെയ്യാനുള്ള ജൈവ വിഭവങ്ങൾ ലഭിച്ചതായി പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളിൽ പറഞ്ഞു.തുടർന്നും ആവശ്യമുള്ളപ്പോൾ തന്റെ തോട്ടത്തിൽ നിന്നും വിളവെടുക്കാനും ഉദയകുമാർ അനുവാ‍ാദം നൽകി.