മാവേലിക്കര: പുന്നമ്മൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ കാണിക്കവഞ്ചികൾ മോഷണം പോയി. പണം അപഹരിച്ച ശേഷം വഞ്ചികൾ സെമിത്തേരിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പള്ളിമുറ്റത്തെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയ ആളാണ് പള്ളിയുടെ വടക്ക് വശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിശ്വാസികൾ നടത്തിയ പരിശോധനയിലാണ് രണ്ട് വഞ്ചികൾ നഷ്ടമായതായി കണ്ടെത്തിയത്.
പള്ളിയ്ക്കുള്ളിൽ ഉറപ്പിച്ചിരുന്ന വഞ്ചിക്കുള്ളിൽ നിന്നും പണം അപഹരിച്ചിട്ടുണ്ട്. മദ്ബഹയുടെ സമീപത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വീഞ്ഞ് അപഹരിച്ച മോഷ്ടാക്കൾ അതുപയോഗിച്ച ശേഷം കുപ്പി സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ ഇടവകവികാരി ഫാ.ജോസഫ് സാമുവേൽ ഏവൂർ, ട്രസ്റ്റി ബി.ടി.അലക്സാണ്ടർ, സെക്രട്ടറി ചാക്കോ വർഗീസ് എന്നിവർ പ്രതിഷേധിച്ചു.