tv-r
Soumya

തുറവൂർ: കുടുംബ കലഹത്തിനിടെ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് വയലാർ കവലയ്ക്ക് തെക്ക് പടിഞ്ഞാറേ ചാണിയിൽ പ്രജിത്താണ് (40) ഭാര്യ സൗമ്യയെ (31, കൊലപ്പെടുത്തിയ ശേഷം പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഒന്നര വയസുള്ള മകൾ മുറിയിൽ ഉറങ്ങിക്കിടക്കവെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡ് ആലയ്ക്കാപറമ്പ് എരേക്കാട്ട് രാമകൃഷ്ണൻ -വിജയമ്മ ദമ്പതികളുടെ മകളാണ് സൗമ്യ. രണ്ടര വർഷം മുൻപാണ് പ്രജിത്തും സൗമ്യയും വിവാഹിതരായത്. മിക്കദിവസവും ഇവർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച പകലും വഴക്കിട്ടു. ഇവരുടെ ഒന്നര വയസുള്ള മകൾ അവന്തികയെ തൊട്ടടുത്തു താമസിക്കുന്ന, പ്രജിത്തിന്റെ ജ്യേഷ്ഠന്റെ വീട്ടിലാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി പത്തോടെ ഇരുവരും ചേർന്ന് കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുവന്നു. ഇന്നലെ പുലർച്ചെ പ്രജിത്ത്, മകളുമായി ജ്യേഷ്ഠന്റെ വീട്ടിലെത്തി ഭാര്യയെ അടിച്ചു കൊന്നതായി പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പട്ടണക്കാട് പൊലീസെത്തിയപ്പോൾ സൗമ്യ തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലയായിരുന്നു. ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗമ്യ പലപ്പോഴും മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു.

ആലപ്പുുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സൗമ്യയുടെ തുറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വയലാർ കേന്ദ്രമായ നാട്ടു വെളിച്ചം ഡ്രൈവിംഗ് സ്കൂളിലെ പരിശീലകനാണ് പ്രജിത്ത്.