 മാവേലിക്കരയിൽ ആംബുലൻസ് ക്ഷാമം വലിയ പ്രതിസന്ധി

മാവേലിക്കര: ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെ, രോഗിയായ പിതാവിനെ ആശുപത്രിയലെത്തിക്കാൻ ആംബുലൻസ് ലഭിച്ചത് നാലു മണിക്കൂറോളം കാത്തിരുന്ന ശേഷം ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് .
ഇന്നലെ രാവിലെ 11 മണിയോടെയാണ്, മുമ്പ് പക്ഷാഘാതം വന്ന രോഗിയെ അടിവയറ്റിലെ വേദനയെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡി. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് അന്വേഷിച്ചത്. വീട്ടുകാർ മണിക്കൂറുകൾ ശ്രമിച്ചിട്ടും നടക്കാതിരുന്നതോടെ നഗരസഭ കൗൺസിലർ ജി. കോശി തുണ്ടുപറമ്പിൽ ഇടപെട്ടു.ജില്ലാ ആശുപത്രിയിൽ വിളിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം ഇല്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥൻ കൊവിഡ്

ഹെൽപ്പ് ലൈനായ ദിശയുടെ നമ്പർ നൽകി. ദിശയിൽ ബന്ധപ്പെട്ടപ്പോൾ ജില്ലാ മെഡിക്കൽ ഓഫീസിൽ വിളിക്കാൻ നിർദേശിച്ചു. കൊവിഡ്19 പ്രവർത്തനങ്ങൾക്കായി മാത്രം സജ്ജീകരിച്ചിരിക്കുന്ന ആംബുലൻസിൽ മറ്റു രോഗികളെ കൊണ്ടുപോകാൻ തടസമുണ്ടെന്നും കൊവിഡ് കൺട്രോൾ റൂമിൽ വിളിക്കാനും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നറിയിച്ചു. കൺട്രോൾ റൂമിലെ ജീവനക്കാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നു കൗൺസിലർ വൈകിട്ടു നാലുമണിയോടെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്കു വിളിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അര മണിക്കൂറിനുള്ളിൽ ആംബുലൻസ് വീട്ടിലെത്തുമെന്ന ഉറപ്പും ലഭിച്ചു. ഇതിനു പിന്നാലെ രോഗിയുടെ ഭാര്യയെ മന്ത്രിയുടെ ഓഫീസിൽ നിന്നു വിളിക്കുകയും ആശുപത്രിയിൽ പോകാൻ തയ്യാറാകുന്നതിന് നിർദേശം നൽകുകയും ചെയ്തു. മന്ത്രി പറഞ്ഞ സമയത്തിനുള്ളിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആംബുലൻസെത്തി രോഗിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

മകൻ ദുബായിൽ നിന്നു വീട്ടിലെത്തി മുൻകരുതൽ എന്ന നിലയിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശം പാലിച്ച് വീട്ടുകാരും വെളിയിൽ ഇറങ്ങാതെ സഹകരിക്കവേയാണ് ഗൃഹനാഥന് രോഗം കൂടിയത്.