തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ കുത്തിയതോട് പഞ്ചായത്തംഗം എൻ.രൂപേഷിന്റെ കഞ്ഞി വിതരണം നാലു വർഷം പിന്നിട്ടു. കൊവിഡ് ഭീതി നിലനിൽക്കുമ്പോഴും ഇതിന് മുടക്കമില്ല. ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പു കാർക്കുമാണ് സ്വന്തം വീട്ടിൽ ഉണ്ടാക്കുന്ന കഞ്ഞി രൂപേഷ് നേരിട്ടെത്തിച്ചു വിളമ്പി നൽകുന്നത്.കൂടാതെ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി അടുക്കളയിലുണ്ടാക്കുന്ന ഭക്ഷണം വാർഡിലെ നിർദ്ധനരായവർക്ക് സ്വന്തം വാഹനത്തിൽ എത്തിച്ചു നൽകുകയും ചെയ്യുന്നു. റേഷൻ വാങ്ങാൻ കടയിൽ പോകാൻ കഴിയാത്ത വയോധികർ ഉൾപ്പടെയുള്ളവർക്ക് റേഷൻ സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചും നൽകും. തുറവുർ സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗമായ രൂപേഷ് എട്ട്, ഒമ്പത് വാർഡുകളിൽ പെൻഷൻ വിതരണം ഏറ്റെടുത്ത് നടത്തുന്നുണ്ട്.