ചേർത്തല: കണ്ണിൽ കാൻസർ ബാധിച്ച ഒന്നര വയസുകാരി അൻവിതയെ ഇന്നു രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ കീമോ തെറാപ്പിക്ക് വിധേയയാക്കും. വിശ്രമം ആവശ്യമെങ്കിൽ അതിനുശേഷം നാട്ടിലേക്കു തിരിച്ചാൽ മതിയെന്നും ധൃതി വേണ്ടെന്നും സാമൂഹ്യ സുരക്ഷാ മിഷൻ അധികൃതർ അറിയിച്ചതായി പിതാവ് വിനീത് പറഞ്ഞു.

കണ്ണിന് നേരിട്ട് ലഭിക്കുന്ന ഇൻട്ര ആർട്ടീരിയൽ കീമോ തെറാപ്പിയാണ് ചെയ്യേണ്ടത്. ചികിത്സയുടെ സമാപന ഘട്ടത്തിൽ ഇത്തരത്തിൽ 3 കീമോ വേണ്ടിവരും. രണ്ടാമത്തേതാണ് ഇപ്പോൾ ചെയ്യുന്നത്. 21 ദിവസത്തെ ഇടവേളയിൽ ചെയ്യേണ്ട കീമോ ലോക്ക് ഡൗൺ മൂലം മുടങ്ങുമെന്ന അവസ്ഥയിലാണ് സർക്കാർ ഇടപെടലിൽ സഹായം ലഭിച്ചത്. അഡ്വ.എ.എം.ആരിഫ് എം.പിയുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ട് സാമൂഹ്യ സുരക്ഷ വകുപ്പിനെ ചുമതപ്പെടുത്തുകയായിരുന്നു. ചേർത്തല സാന്ത്വനം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസും ഡ്രൈവർമാരും ഇവർക്കൊപ്പം തുടരുകയാണ്. ചേർത്തല മുനിസിപ്പൽ 21-ാം വാർഡിൽ മുണ്ടുപറമ്പത്തുവെളി വിനീതിന്റെയും ഗോപികയുടെയും ഇളയമകളാണ് അൻവിത.