അരൂർ : തൊഴിൽ നഷ്ടമായ കേരളത്തിലെ പീലിംഗ് അനുബന്ധ തൊഴിലാളികൾക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് ആവശ്യമുയരുന്നു. കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്മീൻ പീലിംഗ് ഷെഡുകൾ അടച്ചു പൂട്ടിയതോടെ മേഖലയുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ലക്ഷം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്. കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലായി 800 പീലിംഗ് ഷെഡുകളാണുള്ളത്. 70 ശതമാനം തൊഴിലാളികളും ആലപ്പുഴ ജില്ലയിലെ അരൂരിലും അമ്പലപ്പുഴയിലുമാണുള്ളത്. ഇതിൽ 90 ശതമാനവും സ്ത്രീകളാണ്. ഇന്ത്യയ്ക്ക് പ്രതിവർഷം 60,000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യ കയറ്റുമതി വ്യവസായത്തിന്റെ നട്ടെല്ലാണ് പീലിംഗ് മേഖല.
ഷെഡുകൾ അടച്ചതോടെ ഉടമകളും നടത്തിപ്പുകാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പീലിംഗ് ഷെഡുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണാവശ്യം.ഒരു മീറ്റർ അകലം പാലിക്കുന്നതിനായി ഒരു ടേബിളിൽ നാലു ജീവനക്കാർ എന്ന കണക്കിൽ ക്രമീകരിക്കാനുമുള്ള നടപടികളും സ്വീകരിക്കുമെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. എക്സ്പോർട്ടിംഗ് കമ്പനികളും പീലിംഗ് ഷെഡുകളും തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകാൻ ചേംബർ ഒഫ് കേരള സീഫുഡ് ഇൻഡസ്ട്രി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജെ.ആർ.അജിത് അദ്ധ്യക്ഷനായി. വി.വി.അബ്ദുൾ ഗഫൂർ, വി.കെ.ഇബ്രാഹിം, നസീർ, സാബു മാനുവൽ തുടങ്ങിയവർ സംസാരിച്ചു.