വള്ളികുന്നം: അർബുദ രോഗബാധയെത്തുടർന്ന് പൂനെയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ ആറിന് മരിച്ച സൈനികന്റെ മൃതദേഹം കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിൽ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. ആർമിയിൽ ഉദ്യോഗസ്ഥനായ വള്ളികുന്നം കടുവിനാൽ സുമാഭവനം വീട്ടിൽ വാസുദേവൻനായരുടെയും സുമതിയമ്മയുടെയും മകനായ പ്രതാപി(39)ന്റെ മൃതദേഹമാണ് ഇന്നലെ എത്തിച്ചത്.
ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങളും കർണാടക അതിർത്തിയിലെ തടസങ്ങളും മൃതദേഹം റോഡ് മാർഗം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയായി. കുടുംബത്തിന്റെ വിഷമ സ്ഥിതി പൊതുപ്രവർത്തകനും നാട്ടുകാരനുമായ കെ.പി.ശ്രീകുമാർ കൊടിക്കുന്നിൽ സുരേഷ് എം.പിയെ ധരിപ്പിക്കുകയായിരുന്നു. എം.പി പ്രതിരോധവകുപ്പ് മന്ത്രിയുമായും പ്രതിരോധ ഉദ്യോഗസ്ഥന്മാരുമായും ബന്ധപ്പെട്ട് റോഡ് മാർഗം മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തി. ഇതിന്റെയടിസ്ഥാനത്തിൽ ഇന്നലെ പൂനെയിൽ നിന്നും ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ മൃതദേഹം കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തിക്കുവാനുള്ള പ്രത്യേക അനുമതി ലഭ്യമായി. ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിച്ച മൃതദേഹം സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. സൈനിക ആംബുലൻസിൽ വീട്ടിലെത്തിച്ചു. പ്രതാപിനൊപ്പംആശുപത്രിയിലുണ്ടായിരുന്നു ഭാര്യയേയും സഹോദരനെയും കൊവിഡ് റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കിയ ശേഷമാണ് മൃതദേഹത്തെ അനുഗമിക്കാൻ അനുമതി നൽകിയത്. ഭാര്യ:മായ, മകൻ:മാധവ്,