ചേർത്തല:കണ്ണിലെ അപൂർവ കാൻസറിന് കീമോ തെറാപ്പി പൂർത്തിയായ ഒന്നര വയസുകാരി അൻവിത ഇന്ന് രാവിലെ 7ന് ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് തിരിക്കും. അർദ്ധരാത്രിയോടെ ചേർത്തയിലെ വീട്ടിലെത്തും.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു കീമോ തെറാപ്പി. ചേർത്തല മുനിസിപ്പൽ 21-ാം വാർഡ് മുണ്ടുപറമ്പത്തുവെളി വിനീതിന്റെയും ഗോപികയുടെയും മകളായ അൻവിതയുടെ അർബുദ ചികിത്സ ഹൈദരാബാദിലെ ആശുപത്രികളിലാണ് നടന്നിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ പ​റ്റാതെ കീമോ മുടങ്ങിയേക്കാമെന്ന ആശങ്കയ്ക്കിടെ സംസ്ഥാന സർക്കാർ ഇടപെട്ട് പ്രത്യേക ആംബുലൻസിൽ യാത്രാസൗകര്യവും അനുമതികളും നൽകുകയായിരുന്നു.അഡ്വ.എ.എം.ആരീഫ് എം.പിയുടെ ഇടപെടലിനെ തുടർന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അൻവിതയുടെ മാതാവ് ഗോപികയെ ഫോണിൽ വിളിച്ചാണ് സർക്കാർസഹായം വാഗ്ദാനം ചെയ്തത്. മൂന്നാമത്തെ കീമോയ്ക്ക് 28ന് വീണ്ടും ഹൈദരാബാദിലെത്തണം. ലോക്ക് ഡൗൺ തുടരുകയാണെങ്കിൽ വീണ്ടും സർക്കാർ ഇടപെടൽ വേണ്ടി വരും.