ആലപ്പുഴ: ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റാൻ സാമൂഹിക മാദ്ധ്യമങ്ങളിൽ മണിക്കൂറുകൾ ചെലവഴിക്കുന്നവരിൽ പലരും ചെന്നു വീഴുന്നത് ഓൺലൈൻ കുരുക്കുകളിൽ. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുക. വ്യക്തികളുടെ നിലവിലുള്ള ലോൺ അക്കൗണ്ടുകളിൽ നിന്ന് വിവരം ശേഖരിച്ചാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. ലോക്ക് ഡൗൺ പ്രമാണിച്ച് വിവിധ കമ്പനികളുടെ കസ്റ്റമർ കെയർ വിഭാഗത്തിന് അവധി നൽകിയിരിക്കുന്നതിനാൽ നിലവിൽ പരാതിപ്പെടാൻ പോലും തരമില്ല. വലിയ തുകകൾ ബാലൻസുള്ളവർ തങ്ങളുടെ അക്കൗണ്ട് ചോ‌‌ർച്ച പെട്ടെന്ന് അറിയില്ല. അതുകൊണ്ട് ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ഇപാടുകൾ സൂക്ഷിക്കുക.

ലോക്ക് ഡൗൺ കാലത്തിനു മുമ്പ് ഓൺലൈനിലൂടെ ഒരു യുവാവിനുണ്ടായ അനുഭവം ഇങ്ങനെ : സ്വകാര്യ ധനകാര്യ സ്ഥാപനം സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഇൻഷ്വറൻസ് പരസ്യം എന്തെന്ന് അറിയാൻ പേരും വിലാസവും അടിച്ചു നൽകിയ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് മാർച്ചിൽ പിടിച്ചത് 1357 രൂപയാണ്. മുടങ്ങിയ ഇ.എം.ഐ ഇനത്തിൽ പിടിച്ചതാവാമെന്ന് കരുതി ആശ്വസിച്ചിരുന്ന യുവാവിന് ഈ മാസവും പണം നഷ്ടമായതോടെയാണ് താൻ കബളിക്കപ്പെടുകയാണെന്ന് മനസിലായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. തട്ടിപ്പിനിരയായിട്ട് പുറത്തു പറയാത്തവരുമുണ്ട്.

 കെണി ഒരുങ്ങിയ വഴി

ടി വി വാങ്ങിയ വേളയിലാണ് യുവാവ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബ്ലാങ്ക് ചെക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് കൈമാറിയത്. ദിവസങ്ങൾക്ക് ശേഷം ഇതേ സ്ഥാപനത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് പരസ്യം ഫേസ് ബുക്കിൽ കണ്ടു. ഇൻഷ്വറൻസ് കവറേജിന്റെ വിശദാംശങ്ങൾ അറിയുന്നതിനായി പേരും അഡ്രസും ഫോൺനമ്പറും നൽകി ലോഗ് ഇൻ ചെയ്തു. ഇൻഷ്വറൻസ് കവറേജിൽ താത്പര്യം തോന്നാത്തതിനാൽ അത് വേണ്ടെന്ന് വെച്ചു. എന്നാൽ ഇതിനോടകം തന്നെ, ടെലിവിഷൻ ഇടപാടിനായി കൈമാറിയ ചെക്ക് ഉപയോഗിച്ച് സ്ഥാപനം ഇൻഷ്വറൻസിന്റെ തുടർ നടപടികൾ പൂർത്തിയാക്കുകയും ഇതിന്റെ രേഖകൾ പോസ്റ്റ് ഓഫീസ് മുഖേന വീട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അക്കൗണ്ടിൽ നിന്ന് പണവും അവരെടുത്തു.

 പരാതിപ്പെടാൻ മാർഗമില്ല

ലോക്ക് ഡൗണായതിനാൽ സ്ഥാപനത്തിൽ നേരിട്ടെത്തി പരാതിപ്പെടാൻ മാർഗമില്ല. കസ്റ്റമർ കെയറിലെ ജീവനക്കാർക്കും സ്ഥാപനങ്ങൾ അവധി നൽകിയിരിക്കുകയാണ്. ലോക്ക് ഡൗൺ നീണ്ടു പോകുന്തോറും പ്രശ്നം പരിഹരിക്കപ്പെടാതെ പണം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് .

ശ്രദ്ധിക്കാൻ

 ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുക

ഓൺലൈനിലോഫോണിൽ വിളിക്കുന്ന എക്സിക്യൂട്ടിവിനോ ഫോൺ നമ്പർ, ആധാർ, പാൻകാർ‌‌‌ഡ് നമ്പർ തുടങ്ങിയവ നൽകരുത്

''സമൂഹത്തിൽ ഉയർന്ന സ്ഥാനത്തിരിക്കുന്നവർ പോലും തട്ടിപ്പിന് ഇരയാവുന്നു. നമ്മുടെ സ്വകാര്യ വിവരങ്ങൾ കൈമാറിയാൽ പ്രശ്നമില്ലെന്ന മിഥ്യാധാരണയാണ് കുഴപ്പം. കേവലം ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് അക്കൗണ്ട് നമ്പർ കൈക്കലാക്കി തട്ടിപ്പുകൾ നടക്കുന്നുണ്ട്.'' -

ജി.അരുൺനാഥ്, ചീഫ് ലൈഫ് ഇൻഷുറൻസ് അഡ്വൈസർ