ആലപ്പുഴ: ഉറച്ച നിലപാടുകളുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ടി.വി .ബാബുവെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിൽ അവശ ജനവിഭാഗത്തിനായി പോരാടിയ ബാബുവിന്റെ വേർപാട് തീർത്തും ആകസ്മികമാണ്.പരിചയപ്പെട്ട കാലം മുതൽ താനുമായും കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ.പി.എം.എസ്. ശാഖ സെക്രട്ടറി എന്ന നിലയിൽ പൊതുരംഗത്തിറങ്ങിയ ബാബു നിസ്വാർത്ഥവും അർപ്പണബോധവുമുള്ള പ്രവർത്തന ശൈലി കൊണ്ട് സ്വസമുദായത്തിൽ ഏറെ പ്രിയപ്പെട്ടവനായി തീരുകയും സംഘടനയുടെ താലൂക്ക്, ജില്ലാ ഘടകങ്ങൾ കടന്ന് ഒന്നിലധികം തവണ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളിൽ അവരോധിതനാവുകയും ചെയ്തു. തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ കഴിവു തെളിയിച്ചു.
2015-ൽ ബി.ഡി.ജെ.എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയതുമുതൽ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയനായി. പാർട്ടിയെ നന്നായി നയിക്കുകയും ആർജവം തുളുമ്പുന്ന വാഗ്മയവിലാസം കൊണ്ട് അനുയായികളെ ആവേശം കൊള്ളികുകയും ചെയ്യുന്ന നേതാവായിരുന്നു.
നല്ലൊരു പൊതുപ്രവർത്തകൻ എന്ന പേര് കരിപുരളാതെ എന്നും കാത്തു സൂക്ഷിക്കണമെന്ന നിശ്ചയദാർഢ്യം അവസാന ശ്വാസംവരെ നിലനിർത്തിയ അദ്ദേഹം സ്വകാര്യ നേട്ടങ്ങളൊന്നും ഉണ്ടാക്കാതെയാണ് അരങ്ങൊഴിഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.