അമ്പലപ്പുഴ: ബന്ധുവിന്റെ വീടിനു സമീപം ചാരായം വാറ്റുന്നതിനിടെ യുവാവും സുഹൃത്തും പൊലീസിന്റെ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സിന്ധൂര ജംഗ്ഷനു സമീപം അഞ്ചിൽവെളി വീട്ടിൽ അയാസ് (37), പുത്തൻപുരയ്ക്കൽ വീട്ടിൽ ഫ്രെഡി (23) എന്നിവരെയാണ് പുന്നപ്ര എസ്.ഐ.രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.ഇന്നലെ രാവിലെ 9 മണിയോടെ അയാസ് ബന്ധുവീടിന് പിന്നിലുള്ള ബാത്ത് റൂമിന് സമീപം ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരേയും പൊലീസ് സംഘം പിടികൂടി.ഇവരിൽ നിന്ന് 1 ലിറ്റർ വാറ്റുചാരായവും, കുക്കർ ,കന്നാസ്, പൈപ്പ് തുടങ്ങിയ വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.വിൽപ്പനക്കായാണ് ചാരായം വാറ്റിയതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു.എ.എസ്.ഐമാരായ സിദ്ദിഖ്, ബോബൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, ബൈജു, മാത്യൂസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.