ആലപ്പുഴ:മൂടിക്കെട്ടി ഭദ്രമാക്കി വച്ചിരുന്ന മൃദംഗം ചെറിയ ഇടവേളയ്ക്ക് ശേഷം ഡോക്ടർ ബി.പത്മകുമാർ പുറത്തെടുത്തു.ദിവസവും കുറെ സമയം പ്രാക്ടീസ് ചെയ്യാൻ ഇപ്പോൾ അവസരമുണ്ട്. തുടങ്ങിവച്ച രണ്ട് പുസ്തകങ്ങൾ എഴുതി തീർത്തു.കൊവിഡ് കാലത്ത് കിട്ടിയ സൗകര്യങ്ങൾ ഇതാണെങ്കിൽ, ഉത്സവങ്ങളുമായി ബന്ധപ്പെട്ട് സംഗീതപരിപാടികൾ നഷ്ടമായത് ചെറിയ നൊമ്പരവും.
ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസറായ പത്മകുമാർ തന്റെ കർമ്മ മേഖലയിലും സജീവമാണ്. കൊവിഡ് സെല്ലിന്റെ ചുമതലയുണ്ട്.രോഗം സ്ഥിരീകരിച്ച ആദ്യത്തെയാൾ സുഖം പ്രാപിച്ചത് പത്മകുമാറിന്റെ മേൽനോട്ടത്തിലുള്ള സെല്ലിലാണ്.കോളേജിൽ ക്ളാസില്ലാത്തതിനാൽ അദ്ധ്യാപകന്റെ സമയം മിച്ചം.സേവനത്തിൽ കാൽ നൂറ്റാണ്ട് തികയ്ക്കുകയാണ് പത്മകുമാർ.
കൊവിഡ് സെല്ലിന്റ ചുമതലയ്ക്ക് പുറമെ വാർഡുകളിൽ മറ്റു രോഗികളെ പരിശോധിക്കും. ബോധവത്കരണ ക്ളാസുകളും നടത്തും.ആലപ്പുഴ ടൗണിലെ വീട്ടിലെത്തിയാൽ പിന്നെ എഴുത്ത് , സംഗീതം.ഭാര്യ ഡോ.മീര പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ ഡോക്ടർ.മകൻ കാർത്തിക് തിരുവനന്തപുരം എം.ജി.കോളേജിൽ ബിരുദ വിദ്യാർത്ഥിയും.
പഠനത്തിനൊപ്പം സംഗീതം
കേരള സർവകലാശാലയിൽ നിന്ന് 1983-ൽ ഒന്നാം റാങ്കോടെ ബി.എസ് സി ബിരുദം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ ബിരുദം നേടിയത് ആറാം റാങ്കിൽ .ഔറംഗബാദ് ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ഒന്നാം റാങ്കിൽ എം.ഡി പാസായി.തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായി.കോളേജ് കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിനും മൃദംഗത്തിനും നിരവധി സമ്മാനങ്ങൾ.അന്തരിച്ച കൈതവന മാധവദാസിന്റെ ശിക്ഷണത്തിലായിരുന്നു മൃദംഗപഠനം.ശാസ്ത്രീയസംഗീതത്തിലെ ഗുരു ചേർത്തലസുരേഷ് പൈ.
തികഞ്ഞ അയ്യപ്പ ഭക്തൻ
18 വർഷമായി മണ്ഡലകാലത്ത് സ്വയം സന്നദ്ധനായി ശബരിമലയിൽ ആശുപത്രി ഡ്യൂട്ടിക്ക് പോകുന്നു.അമ്പലപ്പുഴ പേട്ട സംഘത്തിലെ സ്ഥിരാംഗം.മണ്ഡലകാലത്ത് അയ്യപ്പഭക്തർക്കായി ബോധവത്കരണ ക്ളാസുകളും ലഘുലേഖ വിതരണവും സൗജന്യമായി നടത്താറുണ്ട്.'കൊറോണ 100 ചോദ്യങ്ങളും ഉത്തരങ്ങളും ' എന്ന പുസ്തകം കേരള ഭാഷ ഇൻസ്റ്രിറ്റ്യൂട്ടിന് വേണ്ടി പൂർത്തിയാക്കി.സ്വകാര്യ പ്രസിദ്ധീകരണ ശാലയ്ക്കായി 'സുരക്ഷിത മദ്യപാനം' എന്ന മറ്രൊരു പുസ്തകവും തീർത്തു.ആരോഗ്യ സംബന്ധമായ 20 പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു.100 ഡോക്ടർമാർ ചേർന്ന് തയ്യാറാക്കിയ 'സർവ്വരോഗ വിജ്ഞാന കോശ'ത്തിന്റെ ജനറൽ എഡിറ്ററായിരുന്നു.