പുരുഷന്റേതെന്ന് സംശയം
ഹരിപ്പാട് : കരുവാറ്റ കല്പകവാടിക്ക് സമീപം വേലഞ്ചിറ തോപ്പിൽ ആളൊഴിഞ്ഞ ചിറയിൽ ഒരു വർഷത്തിലേറെ പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.കാട് പിടിച്ചു കിടന്ന ഇവിടെ ആഴ്ചകൾക്ക് മുമ്പ് തീ ഇട്ടിരുന്നു. ബുധനാഴ്ച വൈകിട്ട് സമീപത്തെ തോട്ടിൽ ചൂണ്ടയിടാൻ വന്ന കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ഹരിപ്പാട് പൊലീസിനെ വിവരമറിയിച്ചു.രാത്രിയോടെ പൊലീസ് സ്ഥലത്തെത്തി സ്ഥലം സീൽ ചെയ്തു. ഇന്നലെ രാവിലെ 10 ഓടെ കായംകുളം ഡിവൈ.എസ് പി.ആർ. ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. സയന്റിഫിക് ഓഫീസറും വിരലടയാള വിദഗ്ദ്ധരും അടങ്ങുന്ന സംഘവും പരിശോധന നടത്തി. അസ്ഥികൂടത്തിന്റെ തലയോട്ടി ഉൾപ്പെടെ ഭാഗങ്ങൾ പലയിടത്ത് ചിതറി കിടക്കുകയായിരുന്നു. സമീപത്ത് നിന്നും ഷർട്ടിന്റെ കഷ്ണം കിട്ടിയതിനാൽ പുരുഷന്റെ അസ്ഥികൂടമാണെന്ന് കരുതുന്നു. പകുതി കത്തി കരിഞ്ഞ നിലയിൽ കീടനാശിനി കുപ്പി,കുട എന്നിവ സമീപത്ത് നിന്നും കണ്ടെത്തി. അസ്ഥികൂടം കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.