ഹരിപ്പാട്: കാൻസർ രോഗിയായ വൃദ്ധക്ക് മരുന്നെത്തിച്ച് തൃക്കുന്നപ്പുഴ പൊലീസ്. തൃക്കുന്നപ്പുഴ കോട്ടേമുറി തെക്കേ വാര്യത്ത് രുഗ്മിണിയമ്മയ്ക്കാണ് ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ കാരുണ്യം അനുഗ്രഹമായത്. മകൾ മാത്രമാണ് ഇവർക്ക് കൂട്ടിനുള്ളത്. മരുന്ന് തീർന്നപ്പോൾ വാങ്ങാൻ വഴി കാണാതെ ഒടുവിൽ സ്റ്റേഷനിലെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.ജോസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി പൊലീസ് ചുമതലക്കാരായ എസ്.കിഷോർ, ആർ.അരുൺ കുമാർ എന്നീ പൊലീസുകാരോട് പ്രശ്നത്തിന് പരിഹാരം കാണുവാൻ നിർദേശിക്കുകയായിരുന്നു. ഇവർ ഉടൻ തന്നെ മെഡിക്കൽ കോളേജിലെ എയിഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷിനെ ബന്ധപ്പെട്ടു. ഇദ്ദേഹം ഡോക്ടറെ ബന്ധപ്പെട്ട് മരുന്ന് വാങ്ങുകയും തോട്ടപ്പള്ളിയിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്നും കിഷോറും അരുൺ കുമാറും പ്രൊബേഷൻ എസ്.ഐ. എ. ആർ. അഭിലാഷും ചേർന്ന് മരുന്ന് കൈപ്പറ്റി രുഗ്മിണി അമ്മയുടെ വീട്ടിൽ എത്തിച്ചു.