ചേർത്തല : രൂപേഷും ഹേമയും കതിർ മണ്ഡപത്തിലേക്ക് പോയത് നൂറുകണക്കിന് നിരാലംബർക്ക് ഭക്ഷണം വിളമ്പിയ ശേഷം. കഴിഞ്ഞ ദിവസമായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ചേർത്തല മുൻസിപ്പൽ എട്ടാം വാർഡിൽ കളമ്പുകാട്ട് വീട്ടിൽ രാജു-സുജാത ദമ്പതികളുടെ മകനുമായ കെ.ആർ.രൂപേഷിന്റെയും തൈക്കാട്ടുശേരി പഞ്ചായത്ത് മിലന്തി ഭവനിൽ പുരുഷോത്തമൻ-മിലന്തി ദമ്പതികളുടെ മകളുമായ ഡോ.ഹേമയടെയും വിവാഹം.
സൽക്കാരങ്ങളൊഴിവാക്കി ആ തുക യൂത്ത് കെയർ കിച്ചണിൽ നിന്നുമുള്ള ഭക്ഷണ വിതരണത്തിനായി വിനിയോഗിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് ഫുഡ് കോൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന യൂത്ത് കെയർ കിച്ചണിലെ സ്ഥിരാംഗമായ രൂപേഷ് വിവാഹ ദിവസവും പതിവ് തെറ്റിച്ചില്ല.രാവിലെ തന്നെ വിവാഹവേഷത്തിൽ കിച്ചണിലെത്തിയ വധൂവരന്മാരെ ഫുഡ് കാൾ പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്.ശരത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പൻ.പി.വിമൽ,ജില്ലാ സെക്രട്ടറി അരുൺ കുറ്റിക്കാട്ട്, പഞ്ചായത്തംഗം ജോബിൻ ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് സഹ പ്രവർത്തകരോടൊത്ത്
അവിടെ തയ്യാറാക്കിയ ഭക്ഷണം പാക്ക് ചെയ്ത് വിതരണം ചെയ്ത ശേഷമാണ് കല്യാണ മണ്ഡപത്തിലേക്ക് പുറപ്പെട്ടത്. രക്ഷകർത്താക്കൾ മാത്രം ഉൾപ്പെടുന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.