മാവേലിക്കര: ദേശീയ ആരോഗ്യ മിഷനിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട കോടികളുടെ സഹായം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം നഷ്ടപ്പെടുന്നത് ആരോഗ്യമേഖലയിലെ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വൻ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് ലോക് സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ദേശീയ ആരോഗ്യ മിഷന് കീഴിൽ ലഭിക്കേണ്ടിയിരുന്ന രണ്ടാം ഗഡുവായ കോടികളുടെ സഹായം നഷ്ടപ്പെടുമെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ സാഹചര്യം അതീവ ഗുരുതരമാണ്. ഇത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരാജയമാണ്.

എന്നിരുന്നാലും കൊറോണ വ്യാപന പ്രതിരോധ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുന്ന കേരള സംസ്ഥാനത്തിന് ഈ ഗുരുതരമായ സാഹചര്യം പരിഗണിച്ച് എൻ.എച്ച്.എം പദ്ധതിയിലെ തുക അനുവദിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കരുതെന്നും എത്രയും പെട്ടെന്ന് തന്നെ രണ്ടാംഗഡു നൽകി കേരളത്ത സഹായിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.