ചേർത്തല : കടന്നൽ കുത്തേറ്റ് ആശുപത്രിയിൽ എത്തിച്ചയാൾ ഹൃദയാഘാതം മൂലം മരിച്ചു.വയലാർ പഞ്ചായത്ത് നാലാം വാർഡ് കടമാട്ട് ഗോപാലകൃഷ്ണപണിക്കരുടെ മകൻ ബിജിത്ത്കുമാർ (മോഹനൻ-46) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ട് വളപ്പിലെ വെറ്റില കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്ത്.തുടർന്ന് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ വയലാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുമ്പായിരുന്നു ബിജിത്ത്കുമാറിന്റെ മകൾ ഒന്നര വയസുകാരി മൗലികയുടെ ചോറുണ്.പഴനിയിലായിരുന്നു ചടങ്ങ്.പറവൂർ സ്വദേശിനിയായ ഭാര്യ സൗമ്യയുടെ കുടുംബം വർഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം.ചോറൂണ് ചടങ്ങിന് ശേഷം കുടുംബത്തെ പൊള്ളാച്ചിയിൽ നിർത്തിയ ശേഷം ബിജിത്ത്കുമാർ നാട്ടിലേയ്ക്ക് മടങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപനം വന്നതോടെ ഭാര്യക്കും മകൾക്കും വയലാറിലേയ്ക്ക് തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല.എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ബിജിത്ത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.മാതാവ്:അംബികാമ്മ.സഹോദരൻ:അജിത്ത്കുമാർ(ഉണ്ണി).