ചേർത്തല: ഭാര്യയെ കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്തിനെയാണ് ചേർത്തല കോടതി റിമാൻഡ് ചെയതത്. ഭാര്യ സൗമ്യയെ (30) ബുധനാഴ്ച പുലർച്ചെയാണ് കിടപ്പുമുറിയിൽ കോടാലിയുടെ മാട് കൊണ്ട് തലക്ക് അടിയേറ്റ നിലയിൽ ഗുതരാവസ്ഥയിൽ കണ്ടെത്തിയത്.ബന്ധുക്കളും പൊലീസും ചേർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം പ്രജിത്ത് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.തലയുടെ വലത് ഭാഗത്ത് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമം. ഇവർ തമ്മിൽ കലഹിക്കുന്നത് പതിവായിരുന്നെന്നും സംഭവ ദിവസം രാത്രിയിലും തർക്കമുണ്ടായതോടെ അടുക്കളയിൽ ഇരുന്ന കോടാലിയെടുത്ത് കട്ടിലിൽ കിടക്കുകയായിരുന്ന സൗമ്യയുടെ തലയിൽ അടിക്കുകയായിരുന്നെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ വീട്ടിലെത്തിച്ച് ആയുധം കണ്ടെടുക്കുകയും തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. പട്ടണക്കാട് സി.ഐ രൂപേഷ് രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.