ചേർത്തല:കണ്ണിന് അപൂർവ അർബുദം (റെ​റ്റിനോ ബ്ലാസ്‌​റ്റോമ) ബാധിച്ച ഒന്നര വയസുകാരി അൻവിതയുടെ കീമോ തെറാപ്പി പൂർത്തിയായി.ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് ചികിത്സ നടന്നത്.

വൈകിട്ടോടെ ആശുപത്രിയിൽ നിന്നും സമീപത്തെ താമസ സ്ഥലത്തേക്കു മടങ്ങി. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രമാണ് മടക്കം.ഇന്നു വീണ്ടും ഡോക്ടറെ കണ്ട് ഉപദേശം തേടും. ഇന്നു പുറപ്പെടാൻ നിർദ്ദേശിച്ചാൽ നാട്ടിലേയ്ക്ക് തിരിക്കും.വിശ്രമം ആവശ്യമെങ്കിൽ അതു കഴിഞ്ഞു പോന്നാൽ മതിയെന്നും ധൃതി വേണ്ടെന്നും സാമൂഹ്യ സുരക്ഷാ മിഷൻ അധികൃതർ അൻവിതയുടെ മാതാപിതാക്കളായ വിനീതിനെയും ഗോപികയെയും അറിയിച്ചിട്ടുണ്ട്.പൂർണ്ണമായും സർക്കാരിന്റെ ചെലവിലാണ് യാത്ര സൗകര്യം ഒരുക്കിയത്.സി.പി.എം നിയന്ത്രണത്തിലുള്ള ചേർത്തല സാന്ത്വനം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസിലാണ് അൻവിതയെ ഹൈദരാബാദിലെത്തിച്ചത്. ആംബുലൻസും ഡ്രൈവർമാരും വിനീതിനൊപ്പം തുടരുകയാണ്.