 കാലിത്തീറ്റ കിട്ടാനില്ല

ആലപ്പുഴ: അവശ്യ സാധനങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടും കാലിത്തീറ്റയുടെ ലഭ്യതയിലുണ്ടായ കുറവ് ക്ഷീരമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. വേനൽ കടുത്തതോടെ പാൽ ലഭ്യതയിൽ കാര്യമായ കുറവാണുണ്ടായിരിക്കുന്നത്. 10 മുതൽ 12 ലിറ്റർ വരെ ലഭിച്ചിരുന്ന പശുക്കളിൽ നിന്ന് ഇപ്പോൾ കിട്ടുന്നത് പരമാവധി എട്ട് ലിറ്റർ പാലാണ്. സ്റ്റോക്കുള്ള കാലിത്തീറ്റ കാലിയാവുന്നതോടെ പാലിന്റെ അളവിൽ വീണ്ടും ഇടിവുണ്ടാകും. മിൽമയിലും കേരള ഫീഡ്സിലും മുൻകൂട്ടി പണം അടച്ചിട്ടും കർഷകർക്ക് കാലിത്തീറ്റ ലഭ്യമായിട്ടില്ല. ചെക്ക് പോസ്റ്റുകളിൽ നിന്ന് അതിർത്തി കടക്കാൻ വാഹനങ്ങളെ അനുവദിക്കാത്തതാണ് കാലിത്തീറ്റയെത്താതിരിക്കാൻ കാരണം. ഇറക്കുമതി ചെയ്യുന്ന വൈക്കോലും കിട്ടാനില്ലാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. എറണാകുളത്തെ ഫാമുകളിൽ നിന്ന് സൈലേജ് ശേഖരിയ്ക്കുന്ന പതിവും ലോക്ക് ഡൗണിൽ വെള്ളത്തിലായി. ഇങ്ങനെപോയാൽ കൊവിഡ് കാലത്തെ അതിജീവിക്കാൻ ക്ഷീരമേഖലയ്ക്കാവുമോ എന്ന ആശങ്കയിലാണ് കർഷകർ.

ക്ഷീരകർഷകരുടെ പ്രതിസന്ധി

പാൽ ഉത്പാദനത്തിലെ ഇടിവ്

കാലിത്തീറ്റ, വൈക്കോൽ ക്ഷാമവും വിലവർദ്ധനയും

പച്ചപ്പുല്ല് കിട്ടാനില്ലാത്തത്

ജലക്ഷാമം ഉള്ളതിനാൽ എരുമ, പോത്ത്, ആട് എന്നിവയുടെ പരിപാലനം ദുഷ്കരം

പൊള്ളും വില

അസംസ്കൃതവസ്തുക്കളുടെ വില കുറഞ്ഞിട്ടും കാലിത്തീറ്റയുടെ വിലയിൽ ഇടിവുണ്ടായിട്ടില്ല.

കാലിത്തീറ്റ വില ( 50 കിലോയുടെ ഒരു ചാക്കിന്)

മിൽമ......... 1210 രൂപ

കേരള ഫീഡ്സ്...... 1215 രൂപ

കെ.എസ്.കാലിത്തീറ്റ...... 1200 രൂപ

വൈക്കോൽ വില ( ഒരു കെട്ടിന് ) - 180 രൂപ

സോപ്പും സാനിട്ടൈസറും

വളർത്തുമൃഗങ്ങളിൽ കൊവി‌ഡ് 19 ബാധിച്ചതായി റിപ്പോർട്ടുകളില്ലെങ്കിലും പുറത്ത് വരുന്ന വാർത്തകളിൽ കർഷകർ ആശങ്കയിലാണ്.കൈയുറകൾ ശീലമാക്കുന്നതിലും കറവ സ്ഥലത്തും പാൽ കൈകാര്യം ചെയ്യുന്നിടങ്ങളിലും സോപ്പും സാനിട്ടൈസറും ഉപയോഗിക്കുന്നതിലും കർഷകർ ശ്രദ്ധിക്കുന്നുണ്ട്.

 തിരിച്ചുവരവിൽ വില്ലനായി കൊവിഡ്

പ്രളയത്തോടെ പാൽ ലഭ്യതയിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടിരുന്നത്. മാസങ്ങൾ നീണ്ട പരിചരണത്തിനൊടുവിലാണ് കാലികൾ പഴയനിലയിലെത്തിയത്. നല്ല രീതിയിൽ ആഹാരം കഴിച്ചു തുടങ്ങിയതോടെ പശുക്കളിൽ പാൽ വർദ്ധന പ്രകടമായിരുന്നു. എന്നാൽ കാലിത്തീറ്റ വരവ് നിലച്ചതോടെ വീണ്ടും കാര്യങ്ങൾ തകിടം മറിഞ്ഞു. ഫാമുകളയാണ് കാലിത്തീറ്റ ക്ഷാമം കാര്യമായി ബാധിക്കുന്നത്. ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്നവർക്ക് അവയ്ക്ക് അത്യാവശ്യം ആഹാരം എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നില്ല. 50 കിലോയുടെ 50 ചാക്ക് കാലിത്തീറ്റ വരെ വാങ്ങാറുള്ള ഫാമുകൾ കടുത്ത പ്രതിസന്ധിയിലാണ്

''ക്ഷീര സംഘത്തിൽ സ്റ്റോക്ക് ചെയ്തിരുന്ന കാലിത്തീറ്റകൊണ്ടാണ് ഇത്രയും ദിവസം പശുക്കളുടെ വിശപ്പകറ്റിയത്. ഇപ്പോൾ സ്റ്റോക്ക് കാലിയായിക്കൊണ്ടിരിക്കുകയാണ്. പണം മുൻകൂറായി മിൽമയിലും കേരള ഫീഡ്സിലും അടച്ചെങ്കിലും കാലിത്തീറ്റ കിട്ടാനില്ല.

- ഒ.പി. മോഹനദാസ്, കഞ്ഞിക്കുഴി ക്ഷീരോത്പാദക സംഘം പ്രസിഡന്റ്