സാന്ത്വനവുമായി സ്നേഹിത കോളിംഗ് ബെൽ പദ്ധതി

ആലപ്പുഴ: ഓരോ 50 കുടുംബത്തിനും ഒരാൾ എന്ന കണക്കി​ൽ റി​സോഴ്സ് പേഴ്സൺ​. ഇവർ മൂന്ന് ദി​വസത്തി​ലൊരി​ക്കൽ വയോജനങ്ങളെയും ഒറ്റയ്ക്ക് താമസി​ക്കുന്നവരെയും ഫോണി​ൽ വി​ളി​ക്കും. ആരോഗ്യം , ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പാക്കും.

സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് ലോക്ക് ഡൗൺ​ കാലത്ത് സവി​ശേഷ പ്രാധാന്യം കൈവരുകയാണ്. പ്രതിസന്ധിഘട്ടത്തിൽ അഗതികൾക്ക് പ്രത്യേക കരുതലാണ് കുടുംബശ്രീ മിഷൻ ഉറപ്പ് വരുത്തുന്നത്.

വയോജനങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇക്കാരണത്താൽ ഇവർക്ക് വേണ്ടി കൗൺസിലർമാരെ നിയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ജില്ലയിൽ 60 വയസിന് മുകളിൽ പ്രായമുള്ളവ‌‌ർ ഉൾപ്പെടുന്ന 10,691 അഗതികുടുംബങ്ങളുണ്ട്. അതാത് പ്രദേശത്തെ അയൽക്കൂട്ട അംഗങ്ങളുടെ സഹായത്തോടെയാണ് ഓരോരുത്തരെയും കണ്ടെത്തുന്നതും സഹായം എത്തിക്കുന്നതും.

10,691

ജില്ലയിൽ 60 വയസിന് മുകളിൽ പ്രായമുള്ളവ‌‌ർ ഉൾപ്പെടുന്ന 10,691 അഗതികുടുംബങ്ങളുണ്ട്.

സ്നേഹിത കോളിംഗ് ബെൽ പദ്ധതി

ഒറ്റയ്ക്ക് താമസിക്കുന്നവർക്കും വയോജനങ്ങൾക്കും ശ്രദ്ധയും പരിചരണവും നൽകുന്നതിനായി ആവിഷ്കരിച്ച പദ്ധതി​. കൗൺസിലർമാരെ നിയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.

................................

സഹായം ഞൊടിയിടയിൽ

ക്ഷേമ അന്വേഷണത്തിനിടയിൽ ആർക്കെങ്കിലും സഹായം ആവശ്യമെന്ന് കണ്ടാൽ അത് ഉടനടി എത്തിച്ചു നൽകുന്നതിനുള്ള സംവിധാനമുണ്ട്. ഭക്ഷണം ലഭിക്കാത്തവരുണ്ടെങ്കിൽ സി.ഡി.എസ് അംഗങ്ങളെ വിവരമറിയിച്ച് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് അതിവേഗം ഭക്ഷണം എത്തിക്കുന്നതിനുള്ള ക്രമീകരണവും ടെലി കൗൺസിലർമാർ ചെയ്യുന്നു. രോഗങ്ങൾ അലട്ടുന്നവർക്ക് വൈദ്യ സഹായം ഉറപ്പാക്കും. സഹായങ്ങളെക്കാൾ ഉപരി ഒറ്റപ്പെട്ടുപോയവർക്ക് മാനസിക പിന്തുണയാണ് ഓരോ വിളിയും നൽകുന്നത്.

............................

വിപുലമായ നെറ്റ് വർക്ക്

രണ്ട് ലക്ഷത്തോളം കുടംബശ്രീ അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ സജീവമാണ്. ഏത് പ്രശ്നത്തി​നും കൗൺസിലർമാരെ അറിയിച്ച് സഹായം തേടാം. സ്നേഹിത പദ്ധതിക്ക് പുറമേ സഹായങ്ങൾ ഉറപ്പ് വരുത്തുന്ന ആശ്രയ പദ്ധതിയും ജില്ലയിൽ നടപ്പാക്കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചൺ, ജനകീയ ഹോട്ടൽ എന്നിവിടങ്ങളിൽ സാധനങ്ങൾ സംഭാവന ചെയ്യുന്നതിലും പാചകപ്പുരയിലും കുടുംബശ്രീ അംഗങ്ങൾ മുൻപന്തിയിൽ തന്നെയുണ്ട്. ജില്ലയിൽ ഒന്നരലക്ഷത്തോളം മാസ്ക്കുകളാണ് കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയത്.

സ്നേഹിത ഹെൽപ്പ് ഡെസ്ക്- ടോൾ ഫ്രീ നമ്പർ-180042520002

ടെലി കൗൺസിലിംഗ്- 9400558905, 9495274483, 8281459664

................................

ഇവയ്ക്ക് പരിഹാരം

വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൊവി‌ഡ് 19 ആശങ്കകൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുള്ള അതിക്രമങ്ങൾ, മദ്യം ലഭിക്കാത്ത പ്രശ്നങ്ങൾ, കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് പരിഹാരം തേടിയും സ്നേഹിത ടെലി കൗൺസിലിംഗ് സെന്ററിൽ വിളിക്കാം.

....................................

ജില്ലയിൽ വിജകരമായ രീതിയിലാണ് സ്നേഹിതയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒറ്റപ്പെട്ടു പോയവർക്ക് സഹായങ്ങൾ എത്തിക്കാൻ സാധിച്ചു. ആശങ്കകൾ പങ്കുവയ്ക്കാൻ ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്. അവർക്ക് ആശ്വാസം പകരുന്ന കൗൺസിലിംഗ് നൽകാൻ സാധിക്കുന്നുണ്ട്.

കെ.ബി.അജയകുമാർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ