കമ്യൂണിറ്റി കിച്ചണുകളുടെ കുറവ് പരിഹരിക്കും
ആലപ്പുഴ:ലോക്ക് ഡൗൺ കാലത്ത് ജില്ലയിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം പരിശോധിച്ച് കുറവുകൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്റി ജി.സുധാകരൻ പറഞ്ഞു. അർഹതപ്പെട്ട ആളുകൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഉറപ്പാക്കും. കളക്ടറേറ്റിൽ കൊറോണ19 പ്രതിരോധപ്രവർത്തനങ്ങളും ലോക്ക് ഡൗണും സംബന്ധിച്ചുള്ള അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്റി.
കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നും ഭക്ഷണം നൽകേണ്ടവരുടെ പട്ടിക നൽകേണ്ട പഞ്ചായത്തുതല കമ്മറ്റി വേണ്ടവിധത്തിൽ തങ്ങളുടെ ദൗത്യം നിർവഹിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കും. കമ്മ്യൂണിറ്റി കിച്ചണുകൾക്ക് സമാന്തരമായി സർക്കാർ അറിയാതെ മറ്റ് സംഘടനകൾ ഭക്ഷണ വിതരണമോ കിറ്റ് വിതരണമോ പാടില്ല.
കൊവിഡ് 19 ന്റെ കാര്യത്തിൽ സർക്കാർ നിർദ്ദേശിക്കുന്ന നിയന്ത്റണങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ലോക്ക് ഡൗൺ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ വിദേശത്തുനിന്നും മറ്റും കൂടുതൽ ആളുകൾ എത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ആരംഭിച്ചിട്ടുണ്ട്. 2000 ഓളം ഐസൊലേഷൻ ബെഡുകൾ ഹൗസ് ബോട്ടുകളിൽ സജ്ജമാക്കുന്നതിന് നടപടികളായി.അശരണരായിട്ടുള്ളവർക്ക് ചികിത്സാ സൗകര്യവും മരുന്നും ലഭ്യമാക്കാൻ നിലവിൽ ആറ് മെഡിക്കൽ സംഘങ്ങളുള്ളത് ഒമ്പതാക്കി വർദ്ധിപ്പിക്കും.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ എം.അഞ്ജന, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലയിൽ
കമ്മ്യൂണിറ്റി കിച്ചണുകൾ : 101
ഇതുവരെ ഭക്ഷണം നൽകിയത് : 2,31,248 പേർക്ക്
സൗജന്യ ഭക്ഷണം നൽകിയത്: 1,71,192 പേർക്ക്
ജില്ലയിൽ ആകെ അന്യസംസ്ഥാന തൊഴിലാളികൾ : 16,984
സർക്കാർ ഭക്ഷണ സാമഗ്രികൾ എത്തിക്കുന്നത് : 8375 പേർക്ക്
കരാറുകാർ ഭക്ഷണം നൽകുന്നത് : 8609 പേർക്ക്
കൊയ്ത്ത് തീരാതെ യന്ത്റങ്ങൾ
പോകാൻ അനുവദിക്കില്ല
കൊയ്ത്ത് പൂർത്തിയാക്കാതെ യന്ത്റങ്ങൾ ജില്ല വിട്ട് പോകാൻ അനുവദിക്കരുതെന്ന് മന്ത്റി നിർദ്ദേശിച്ചു. കുട്ടനാട്ടിലെ കൊയ്ത്ത് സർക്കാർ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കളക്ടർക്ക് ഇക്കാര്യത്തിൽ അധികാരം പ്രയോഗിക്കാം. കൊയ്ത്ത് യന്ത്റങ്ങളുടെ കുറവ് ഉദ്യോഗസ്ഥർ യോഗത്തിൽ ചൂണ്ടിക്കാട്ടി. 100 യന്ത്റങ്ങൾ അധികമായി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. പാലക്കാട്ട് കൊയ്ത്ത് തീർന്ന പാടശേഖരങ്ങളിൽ നിന്ന് യന്ത്റങ്ങൾ എത്തിക്കുന്നതിന് അവിടുത്തെ കളക്ടറുമായി ബന്ധപ്പെടും.
പാടശേഖരങ്ങളും കൊയ്ത്തും
കൊയ്ത്തു കഴിഞ്ഞ പാടം : 16,194ഹെക്ടർ
കൊയ്ത്ത് പൂർത്തിയാക്കാനുള്ളത് : 10,469 ഹെക്ടർ
ലഭിച്ച നെല്ല് : 91,270 മെട്രിക് ടൺ
സംഭരിച്ച നെല്ല് : 83,710 മെട്രിക് ടൺ
സംഭരിക്കാനുള്ളത് : 7560 മെട്രിക് ടൺ
227: കോടി രൂപയുടെ നെല്ല് കുട്ടനാട്ടിൽ നിന്ന് ഇതുവരെ സംഭരിച്ചു. കൃഷിക്കാർക്ക് പണം കൊടുത്തുതുടങ്ങി.
'' തൊഴിലുറപ്പ് തൊഴിലാളികളെ അഞ്ചുപേർ വീതമുള്ള ചെറുസംഘങ്ങളാക്കി പണികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് നിലവിൽ ജില്ലയിൽ 3പേരാണ് ചികിത്സയിൽ തുടരുന്നത്. ഒരു ജീവൻ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കാനായതിൽ ജില്ലയിലെ ആരോഗ്യവിഭാഗവും ഭരണകൂടവും അഭിനന്ദനം അർഹിക്കുന്നു
മന്ത്രി ജി.സുധാകരൻ