അമ്പലപ്പുഴ : ഒരു വർഷത്തെ നിർബന്ധിത സമ്പർക്ക വിദ്യാഭ്യാസത്തിനായി ഉത്തർ പ്രദേശിലേക്ക് പോയ 19 നവോദയ സ്കൂൾ വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ലോക്ക് ഡൗണിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാതെ കുടുങ്ങി.
ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായും സാമുഹികമായും പിന്നോക്കാവസ്ഥയിലുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഉന്നത ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സമ്പർക്ക വിദ്യാഭ്യാസം നൽകുന്ന പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നും ഒൻപതാം ക്ളാസ് വിദ്യാർത്ഥികളുടെ സംഘം ഉത്തർപ്രദേശിലെ ഗൗരി ഗഞ്ച് നവോദയ വിദ്യാലയത്തിലേക്ക് പോയത്. ഇവർക്ക് വാർഷിക പരീക്ഷ കഴിഞ്ഞ മാർച്ച് 19ന് കഴിഞ്ഞു. മാർച്ച് 30നാണ് അവസാനിക്കേണ്ടിയിരുന്നതെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ നേരത്തെ നടത്തുകയായിരുന്നു.
വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി മാർച്ച് 29 ന് തിരുവനന്തപുരത്തേയ്ക്കുള്ള രപ്തി സാഗർ എക്സ്പ്രസിൽ ടിക്കറ്റുകൾ റിസർവ്ചെയ്തിരുന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഇതിനിടെ ചില കുട്ടികൾക്ക് മുണ്ടിനീരും പിടിപ്പെട്ടു. ആഭ്യന്തര വിമാന സർവീസുകൾ ഏപ്രിൽ 30 വരെ റദ്ദാക്കപ്പെട്ടിരിയ്ക്കുന്ന സാഹചര്യത്തിൽ പ്രത്യേക ട്രെയിനിൽ കോച്ചുകൾ അനുവദിച്ചോ മറ്റോ വിദ്യാർത്ഥികളെ നാട്ടിലെത്തിയ്ക്കണമെന്നാണ് രക്ഷിതാക്ക
ളുടെ ആവശ്യം.