ambala

അമ്പലപ്പുഴ: ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത വൃദ്ധയ്ക്ക് വീട്ടി​ലെത്താനായി​ പൊതുപ്രവർത്തകനായ യു.എ.കബീറും എസ്.ഐ.രാജൻ ബാബുവും തുണയായി​. ഏതാനും ദിവസം മുൻപ് പാലാരിവട്ടത്തു വച്ചാണ്

കൽക്കട്ട സ്വദേശിനിയും എറണാകുളം തമ്മനത്ത് സ്ഥിരതാമസക്കാരിയുമായ ആതിര(70)യ്ക്ക് ഹൃദയാഘാതമുണ്ടായത്. പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗം ഗുരുതരമായതിനെ തുടർന്ന് പിന്നീട് ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി ഐ.സി.യുവിലേക്കു മാറ്റിയിരുന്നു. വിദഗ്ധ ചികിത്സക്കു ശേഷം വെള്ളിയാഴ്ച ആതിരയെ ഡിസ്ചാർജ് ചെയ്തു.

എന്നാൽ തിരികെ പോകാൻ മാർഗമില്ലാതെ വിഷമിച്ച ആതിരയുടെ അവസ്ഥ ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർ വൈസർ ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീറിനെ അറിയിക്കുകയായിരുന്നു. ആതിരയെ എറണാകുളത്തെത്തിക്കാൻ വാഹനത്തിനായി ഇദ്ദേഹം ജില്ലാ മെഡിക്കൽ ഓഫീസർ, കളക്ട്രേറ്റിലെ കൺട്രോൾ റൂം, 108 ആംബുലൻസ് എന്നിവയൊക്കെ ബന്ധപ്പെട്ടെങ്കിലും വാഹനം ലഭിച്ചില്ല.ഒടുവിൽ ഈ വിവരം യു.എം.കബീർ പുന്നപ്ര എസ്.ഐ. രാജൻ ബാബുവിനെ അറിയിച്ചു. മണ്ണഞ്ചേരിയിൽ എസ്.ഐ ആയി ജോലി ചെയ്തിരുന്ന രാജൻ ബാബു ഈ ബന്ധം ഉപയോഗിച്ച് മണ്ണഞ്ചേരിയിൽ നിന്ന് എസ്.കെ.എസ്.എസ്.എഫിന്റെ ആംബുലൻസ് സൗജന്യമായി ഏർപ്പാടാക്കിക്കൊടുത്തതോടെ ആതിരക്ക് നാട്ടിലെത്താൻ വഴിതെളിയുകയായിരുന്നു. ഉച്ചയോടെ ആതിര മകനും മരുമകൾക്കുമൊപ്പം തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് യാത്രയായി.നൂറുദീൻ ഹാഫിയത്ത്‌,നിസാർ വെള്ളാപ്പള്ളി,സമീർ പാലമൂട്‌,ഷാരോൺ എന്നിവരും സന്നിഹിതരായിരുന്നു.