ആലപ്പുഴ:ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ ജില്ലയിലെ 15 ഓളം സ്ഥലത്ത് പരിശോധന നടത്തി. അരൂർ, ചേർത്തല, ആലപ്പുഴ ഭക്ഷ്യ സുരക്ഷാ സർക്കിളുകളിലെ അരൂർ മത്സ്യമാർക്കറ്റ്, ചന്തിരൂർ മത്സ്യമാർക്കറ്റ്, തുറവൂർ പുത്തൻചന്ത മത്സ്യസ്റ്റാളുകൾ, പൊന്നാംവെളി, കലവൂർ, സർവോദയപുരം മത്സ്യമാർക്കറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
പഴകിയ മീൻ ഹാനികരമായ രാസവസ്തുക്കൾ ചേർത്ത് വിൽക്കുന്നത് തടയാനുള്ള ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായായിരുന്നു പരിശോധന. സർവോദയപുരം (കലവൂർ പടിഞ്ഞാറ്) മാർക്കറ്റിലെ മത്സ്യസ്റ്റാളിൽ നിന്ന് 10കിലോ ചൂര മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. അരൂർ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ രാഹുൽ രാജ് വി.,ചേർത്തല സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ സുബിമോൾ വൈ.ജെ, ഫിഷറീസ് ഇൻസ്‌പെക്ടർ സൂര്യ പി.എസ്, പ്റിൻസ് ജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.