photo

 താെഴിലുറപ്പിൽ സംസ്ഥാനത്ത് ഒന്നാമത് തണ്ണീർമുക്കം

ചേർത്തല: തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ മേഖലകളിൽ സംസ്ഥാനത്ത് ഒന്നാമതെത്തി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ജില്ലയ്ക്ക് അഭിമാനമായി. 2019-20 വർഷം തൊഴിലുറപ്പ് പദ്ധതിയിൽ 11,25,25,000 രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ആസ്തി വികസന പദ്ധതി പ്രകാരം 3.44കോടി രൂപ ചെലവഴിച്ച് കാ​റ്റഗറിയിൽ ഒന്നാം സ്ഥാനവും 3957 തൊഴിലാളികളിൽ 2200 പേർക്ക് നൂറ് ദിവസത്തെ തൊഴിൽ ദിനങ്ങൾ നൽകി ഈ പട്ടികയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് പഞ്ചായത്ത് കരസ്ഥമാക്കിയത്.

മാർച്ച് 31ന് പദ്ധതി പൂർത്തിയാക്കാനിരിക്കെ അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിട്ടും മികച്ച നേട്ടമാണ് പഞ്ചായത്ത് നേടിയത്. 3957തൊഴിലാളികൾ ചേർന്ന് 3,60,681 തൊഴിൽ ദിനങ്ങളാണ് ഒരു വർഷക്കാലത്തിനുളളിൽ പൂർത്തിയാക്കിയത്. 23 വാർഡുകളിലായി ആസ്തിവികസന പദ്ധതി പ്രകാരം നിരവധി നിർമ്മാണ ജോലികളും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. മികച്ച നേട്ടം കൈവരിക്കുന്നതിന് പഞ്ചായത്തിനോടൊപ്പം നിന്ന മുഴുവൻ തൊഴിലാളികളേയും പിന്നീട് ആദരിക്കും.

സംസ്ഥാനത്ത് ഒന്നാമതെത്തിയ പഞ്ചായത്തിനെ അനുമോദിക്കാൻ മന്ത്രി പി.തിലോത്തമൻ നേരിട്ടെത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയതിനോടൊപ്പമാണ് സർക്കാരിന്റെ അഭിനന്ദനങ്ങൾ മന്ത്രി അറിയിച്ചത്. സ്ഥിരം സമിതി അദ്ധ്യക്ഷരായ രമാമദനൻ,ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗം സനൽ നാഥ്,സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജഷിബു,അസി.സെക്രട്ടറി സുനിൽകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് പഞ്ചായത്തിൽ നടന്ന കോവിഡ് കോർ കമ്മ​റ്റി യോഗത്തിലും മന്ത്റി പങ്കെടുത്തു.

'' പഞ്ചായത്ത് നേടിയ അപൂർവ നേട്ടത്തിന്റെ സന്തോഷം പങ്കിടുന്നതിനായി 14ന് രാവിലെ 9ന് തൊഴിലുറപ്പ് തൊഴിലാളികൾ അവരവരുടെ വീടുകളിൽ ഒരു ഓർമ്മ മരം നടണം

അഡ്വ.പി.എസ് ജ്യോതിസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ആകെ തൊഴിലുറപ്പ് തൊഴിലാളികൾ: 3957

നൂറുദിനം തൊഴിൽ നൽകിയത് : 2200 പേർക്ക്

പൂർത്തിയാക്കിയ തൊഴിൽദിനങ്ങൾ: 3,60,681