dileepkumar

 കൊവിഡ് കാലത്തെ സേവനം കവിതയാക്കി പൊലീസ്

ആലപ്പുഴ: ലോകമെമ്പാടും കൊവിഡ് 19 സമൂഹവ്യാപനത്തിലേക്ക് കടക്കുമ്പോഴും കേരളത്തെ സുരക്ഷാകവചത്തിൽ നിർത്താൻ പാടുപെടുന്നവരാണ് പൊലീസ് സേന. കഷ്ടപ്പാടുകൾക്ക് പ്രതിഫലമായി ആശ്വാസവാക്ക് പോലും കിട്ടാത്ത കാലത്ത് പ്രചോദന ഗാനവുമായി രംഗത്തെത്തിയിരിക്കുകയാണിവ‌ർ. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ചിൽ എസ്.ഐ ആയിരുന്ന ദിലീപ്കുമാറിന്റെ മനസിലുദിച്ച ആശയമാണ് ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ പൊലീസ് കവിത.

പൊലീസ് ഡ്യൂട്ടിയുടെ ദുരിതവും ബുദ്ധിമുട്ടുകളും കൊവിഡ് കാലത്തെ പ്രവർത്തനങ്ങളും വിശദമാക്കുന്ന കവിതയുടെ അണിയറയിലുള്ളതും പൊലീസുകാർ തന്നെ. മാർച്ച് 31ന് സർവീസിൽ നിന്ന് വിരമിച്ച ദിലീപ് കുമാറിന്റേതാണ് വരികൾ. സർവീസിലിരിക്കേ തന്നെ വീഡിയോ പുറത്തിറക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കു മൂലം നീണ്ടു പേവുകയായിരുന്നു. '' പൊലീസുകാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പുറത്തു നിന്ന് നോക്കുന്ന ഒരാൾക്ക് മനസിലാവില്ല. കേരളം ഇന്ന് സുരക്ഷിതമായിരിക്കുന്നതിൽ വലിയ പങ്ക് പൊലീസിനുണ്ട്. അവരിൽ ഒരുവനെന്ന നിലയിൽ ഈ കവിത പുറത്തിറക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അത് സാദ്ധ്യമായി'' ദിലീപ് കുമാർ പറഞ്ഞു. ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ സി.പി.ഒ ആയ സി.എസ്.സിബിയാണ് കവിത സംഗീതം നൽകി ആലപിച്ചത്. പൊലീസിന്റെ ഫോട്ടോഗ്രാഫിക്ക് ഡിവിഷൻ എസ്.ഐ ചന്ദ്രദാസാണ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചത്. തന്റെ ശബ്ദം ഒറ്റ ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സിബി. പാട്ട് പഠിക്കണമെന്ന തന്റെ മോഹംജീവിത സാഹചര്യങ്ങൾ മൂലം സിബി ഇത്രനാളും മനസിൽ അടക്കി വച്ചിരിക്കുകയായിരുന്നു. ഏതാനും മാസങ്ങളായി തിരുവിളം രംഗനാഥ് എന്ന അദ്ധ്യാപകന്റെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്.