ചേർത്തല: ലോക്ക് ഡൗണിനിടെ ചേർത്തല എസ്.എൻ.ട്രസ്റ്റ് സ്കൂളിലെ അദ്ധ്യാപകർ വീഡിയോ കോൺഫറൻസ് വഴി സ്റ്റാഫ് മീറ്റിംഗിൽ ഒത്തുചേർന്നു.പരീക്ഷ ഡ്യൂട്ടിക്കും മറ്റുമായി മാർച്ച് ആദ്യവാരം പല സ്കൂളുകളിലായി നിയോഗിക്കപ്പെട്ട അദ്ധ്യാപകർ പല ജില്ലകളിലായി വീടുകളിൽ ഒതുങ്ങിപ്പോയിരുന്നു.ഇവരാണ് ഇന്നലെ പ്രിൻസിപ്പൽ യു.ജയന്റെ നേതൃത്വത്തിൽ സ്റ്റാഫ് മീറ്റിംഗിൽ വീഡിയോ കോൺഫറൻസ് വഴി ഒത്തുചേർന്നത്.അദ്ധ്യയനവും സ്കൂൾ ആക്ടിവിറ്റീസും അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളും സംശയ നിവാരണവും നടത്തുവാൻ മീറ്റിംഗിൽ തീരുമാനിച്ചു. വിവിധ ജില്ലകളിൽ നിന്ന് 18 അദ്ധ്യാപകരാണ് മീറ്റിംഗിൽ പങ്കെടുത്തു.അദ്ധ്യാപകൻ എൻ.ജയൻ സ്വാഗതവും ബിജി ദാമോദരൻ നന്ദിയും പറഞ്ഞു.