 ലോക്ഡൗൺ നീട്ടുന്നത് സ്ഥിതി രൂക്ഷമാക്കും

ആലപ്പുഴ: ലോക്ക് ഡൗണും മദ്യനിരോധനവും ഒരുമിച്ചെത്തിയതോടെ വിശ്രമമെന്തെന്ന് ജില്ലയിലെ എക്സൈസുകാർ അറിഞ്ഞിട്ടില്ല. വീണുകിട്ടിയ അവസരം മുതലാക്കാൻ വാറ്റിനിറങ്ങിയ ഭൂരിഭാഗം പേരും അഴിക്കുള്ളിലായി. സ്ഥിരം വാറ്റുകാർക്ക് പുറമേ യൂ ട്യൂബിലെ 'വാറ്റ് ക്ലാസി'ൽ നിന്ന് പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ച് പിടിവീണവരുമുണ്ട്. ആളൊഴിഞ്ഞ പറമ്പുകൾ മുതൽ അടുക്കള വരെ വാറ്റ് കേന്ദ്രങ്ങളായി മാറുകയാണ്. എല്ലായിടത്തും ഓടിയെത്തുന്ന തിരക്കിലാണ് ജില്ലയിലെ എക്സൈസ് വിഭാഗം.ഇതിനിടെ എത്തുന്ന വ്യാജ സന്ദേശങ്ങളും ചില്ലറ പൊല്ലാപ്പല്ല വരുത്തിവയ്ക്കുന്നത്.

ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുമെന്ന അഭ്യൂഹങ്ങൾ എക്സൈസുകാരുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. വാറ്റ് കേസിൽ നിലവിൽ അകത്തായവർ നീട്ടിയ ലോക്ക് ഡൗൺ കാലം കൂടി കഴിഞ്ഞു മാത്രമേ പുറത്തിറങ്ങുകയുള്ളൂ എന്നത് ആശ്വാസകരമാണ്. റിമാൻഡ് കാലാവധി 14 ദിവസമാണെങ്കിലും കുറഞ്ഞത് 25 ദിവസമെങ്കിലും കഴിഞ്ഞു മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.

മദ്യ നിരോധനം പ്രഖ്യാപിച്ച ആദ്യ രണ്ടാഴ്ച്ച വാറ്റ് കേന്ദ്രങ്ങൾ വ്യാപകമായിരുന്നു. ജില്ലയിൽ എല്ലാ പ്രദേശങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്തു. 99 ശതമാനവും വാറ്റ് കേസുകളായിരുന്നു. യുവാക്കൾ മുതൽ പ്രായമായവർ വരെ പിടിയിലായി. അനധികൃതമായി ചെത്ത് നടത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വാറ്റുപകടണങ്ങൾ ഉൾപ്പടെയാണ് പ്രതികളെ പൊക്കുന്നത്.

........................................

ലോക്ക് ഡൗൺ കാലത്തെ കണക്കുകൾ (ഇന്നലെ വരെ)

 കേസുകൾ- 64

 അറസ്റ്റ്- 52

 കോട- 4370 ലിറ്റർ

 ചാരായം- 74.5 ലിറ്റർ

 കള്ള്- 53 ലിറ്റർ

...........................................

 വ്യാജ ഒറ്റുകാരും

പലപ്പോഴും പ്രതികളിലേക്കെത്താൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് വിവരം ചോർത്തി നൽകുന്നവരാണ്. എന്നാൽ വ്യക്തിവൈരാഗ്യം തീർക്കാനായി കള്ള വിവരങ്ങൾ കൈമാറുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെ തപ്പിപ്പിടിച്ച് ചെല്ലുമ്പോഴാണ് വിവരം സത്യസന്ധമല്ലെന്ന് ബോദ്ധ്യപ്പെടുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് എക്സൈസ് അധികൃതർ പറയുന്നു. ഇത്തരത്തിൽ വ്യാജ സന്ദേശം പങ്കുവച്ചതിന് കഴിഞ്ഞ ദിവസം നൂറനാട് പൊലീസിൽ ജില്ലാ എക്സൈസ് സംഘം കേസ് ഫയൽ ചെയ്തിട്ടുണ്ട്.

.........................................

# വാറ്റുകാർ Vs എക്സൈസ്

 ശർക്കര അമിത അളവിൽ വാങ്ങുന്നവർ നിരീക്ഷണത്തിൽ

 ചെറിയ അളവിൽ പലയി‌ത്തു നിന്നായി വാങ്ങുന്നത് വാറ്റുകാരുടെ അടവ്

 സ്ഥിരം അബ്കാരി കുറ്റവാളികൾക്കു മേൽ നിരന്തര നിരീക്ഷണം

 വാഹന സൗകര്യമില്ലാത്ത മേഖലകളിലെ പരിശോധന ദുഷ്കരം

 വാറ്റുകാർ തിരഞ്ഞെടുക്കുന്നത് ഇത്തരം കേന്ദ്രങ്ങൾ

 കുട്ടനാടൻ മേഖലകളിൽ എക്സൈസിന് ആശ്രയം വാടക വള്ളങ്ങൾ

 സ്വന്തം ആവശ്യത്തിന് വീടുകൾ കേന്ദ്രീകരിച്ചുള്ള വാറ്റ് കൂടുന്നു

 അയലത്തുകാർ പോലും അറിയാത്ത 'ക്രമീകരണ'ങ്ങൾ

.....................................

 സർവ്വം സജ്ജം

ജില്ലയിൽ എക്സൈസിന്റെ 16 ഓഫീസുകളും കൺട്രോൾ റൂമുകളായി പ്രവർത്തിക്കുകയാണ്. താലൂക്ക് അടിസ്ഥാനത്തിൽ 6 ഓഫീസുകളുണ്ട്. വാറ്റ് രാത്രി കാലങ്ങളിൽ ഊർജിതമാകുന്നതിനാൽ രാപ്പകൽ ഒരേപോലെയാണ് എക്സൈസ് സംഘത്തിന് ലോക്ക് ഡൗൺ ഓട്ടം.

.................................

ജില്ലയിൽ വാറ്റ് നിർമ്മാണം വർദ്ധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും ഇതിനോടകം പിടിയിലായി. എല്ലാ യൂണിറ്റുകളും ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. വ്യാജ സന്ദേശങ്ങൾ കൈമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

(ജോസ് മാത്യു, അസിസ്റ്റ്ന്റ് എക്സൈസ് കമ്മിഷണർ)