ആലപ്പുഴ: എല്ലാ വിഭാഗക്കാർക്കുമുള്ള സൗജന്യ കിറ്റുകളുടെ വിതരണം ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിൽ സജ്ജമാക്കിയ പാക്കിംഗ് കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് എല്ലായിടത്തും ഇന്ന് അന്ത്യോദയ അന്നയോജന കിറ്റുകൾ എത്തിക്കും. പട്ടികവർഗ വിഭാഗക്കാർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. പട്ടികവർഗ വിഭാഗം ഒഴികെയുള്ളവരുടെ എ.എ.വൈ കിറ്റ് വിതരണമാണ് ഇന്ന് നടക്കുക. മുൻഗണനാ പട്ടികയിലുള്ളവർക്ക് വിതരണം ചെയ്യാനുള്ള കിറ്റുകൾ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
25 ഓളം പേരടങ്ങിയ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ശാരീരിക അകലം പാലിച്ചും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് പാക്കിംഗ് നടത്തുന്നത്. ആലപ്പുഴ ഡിപ്പോ മാനേജർ എൽ. കല, സലീം, സിനിജ, പ്രീത എന്നിവർ ഒപ്പമുണ്ടായിരുന്നു.