photo

ചേർത്തല:സംസ്ഥാന സർക്കാരിന്റെ ആദ്യ ജനകീയ ഭക്ഷണശാലയായ പാഥേയം ആരംഭിച്ചതിന് പിന്നാലെ സർക്കാരിന്റെ പ്രാദേശിക കാർഷിക വിഭവങ്ങളുടെ വിപണിയായ 'ജീവനി സജീവനി' പദ്ധതിക്കും തണ്ണീർമുക്കത്ത് തുടക്കം.

കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ എല്ലാ ദിവസവും മൂന്നു മണിക്കൂർ പ്രവർത്തിക്കുന്ന ജൈവ പച്ചക്കറി വിപണന കേന്ദ്രമാണ് ആരംഭിച്ചത്. പഞ്ചായത്ത് ഓഫീസിൽ തണ്ണീർമുക്കം പാഥേയം ഭക്ഷണശാലയോടൊപ്പമാണ് ഇതും. കൊവിഡും ലോക്ക് ഡൗണും പ്രഖ്യാപിച്ചതിനാൽ വിപണി കണ്ടെത്താൻ വിഷമിക്കുന്ന കർഷകർക്ക് ആശ്വാസമായ 'ഔദ്യോഗിക' വിപണിയുടെ ഉദ്ഘാടനം മന്ത്റി ഡോ. തോമസ് ഐസക്ക് നിർവ്വഹിച്ചു. രാവിലെ 10 മുതൽ ഒന്നു വരെ എത്തുന്ന കർഷകർക്ക് വിപണിയിൽ ഇത് വിൽക്കാനും ആവശ്യക്കാർക്ക് വാങ്ങാനുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഭക്ഷണ ശാലയോടൊപ്പമുളള കർഷകരുടെ പൊതുവിപണ കേന്ദ്രത്തിൽ പൂർണ്ണമായി ജൈവ പച്ചക്കറികൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ രമാമദനൻ, സുധർമ്മ സന്തോഷ്,ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ. സെബാസ്​റ്റ്യൻ, സനൽനാഥ്, സാനുസുധീന്ദ്രൻ,രമേഷ്ബാബു എന്നിവരും കൃഷി ഓഫീസർ പി.സമീറ,അസിസ്​റ്റന്റ് സന്തോഷ്‌കുമാർ, സി.ഡി.എസ് പ്രസിഡന്റ് ശ്രീജ ഷിബു, പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ എന്നിവരും പങ്കെടുത്തു.