അമ്പലപ്പുഴ: വിവാഹം ചടങ്ങിലൊതുക്കിയ ഡോക്ടർ വിവാഹ സദ്യ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകി. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആർ.എം.ഒയും കരൂർ കൈരളിയിൽ ഷൗക്കത്ത് അലി-ഷംലാ ദമ്പതികളുടെ മകളുമായ ഡോ. ഷാലിമയുടെ വിവാഹമായിരുന്നു ഇന്നലെ. കോഴിക്കോട് സ്വദേശിയായ ഇജാത്ത് - നൂർജഹാൻ ദമ്പതികളുടെ മകൻ ഷിപ്പിലെ ക്യാപ്റ്റനായ നുഅമാൻ ഇജാത്തായിരുന്നു വരൻ.
വധുവിന്റെ കരൂരിലെ കൈരളി വീട്ടിൽ വച്ച് ഇന്നലെ ചടങ്ങ് മാത്രമായി വിവാഹം നടത്തി. ചടങ്ങിൽ വരന്റെയും വധുവിന്റെയും മാതാപിതാക്കൾ മാത്രമാണ് പങ്കെടുത്തത്. തുടർന്നാണ് ഇരുവരും ചേർന്ന് ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി നൽകിയത്.
ചേതനയും ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയും സംയുക്തമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ തയ്യാറാക്കിയ ഉച്ചയൂണിന്റെ ഇന്നലത്തെ നടത്തിപ്പ് ഇവർ ഏറ്റെടുക്കുകയായിരുന്നു.
ആരോഗ്യ വകുപ്പിലെ ഡോക്ടറായ തന്റെ പ്രവൃത്തി ഇക്കാലത്ത് മാതൃകയാകേണ്ടതാണെന്നും അതിനാലാണ് ചടങ്ങു മാത്രമായി നിക്കാഹ് കഴിച്ചതെന്ന് ഡോ. ഷാലിമ പറഞ്ഞു. വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. റംസാൻ മാസം വരുന്നതിനാൽ നീട്ടിവയ്ക്കാനും കഴിയാത്ത സാഹചര്യത്തിലാണ് നിശ്ചയിച്ചിരുന്ന ദിവസം വിവാഹം നടത്തിയത്.
കോഴിക്കോടു നിന്നും വരനും മാതാപിതാക്കളും എസ്.പി.യുടെ പ്രത്യേക പാസ് വാങ്ങി ആലപ്പുഴയിലെത്തി. നിക്കാഹ് കഴിഞ്ഞെങ്കിലും കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിക്കുമെന്നും ഡോ. ഷാലിമ പറഞ്ഞു.