 കമ്പികൾ തുരുമ്പിക്കുന്നു, സിമന്റും നാശത്തിലേക്ക്

ആലപ്പുഴ: ഇന്നല്ലെങ്കിൽ നാളെയെന്ന് ഉറപ്പിച്ചിരുന്ന ആലപ്പുഴ ബൈപ്പാസ്, അന്തിയുറങ്ങാൻ ആയിരങ്ങൾ കൊതിച്ച കൊച്ചുകൊച്ചു വീടുകൾ, അക്കരെയിക്കരെ കടക്കാനുള്ള പാലങ്ങൾ... കൊവിഡ് സമ്മാനിച്ച ലോക്ക് ഡൗണിൽ പണി മുടങ്ങിയ നിർമ്മാണ പ്രവൃത്തികളുടെ ലിസ്റ്റ് ഇനിയും നീളും. ലോക്ക് ഡൗൺ നീട്ടിയതിനാൽ മഴക്കാലത്തിന് മുന്നേ പണികൾ തീർക്കാൻ കഴിയുമെന്ന പ്രതീക്ഷയ്ക്ക് വകയില്ല. കെട്ടിക്കിടക്കുന്ന സിമന്റും തുരുമ്പിച്ചു തുടങ്ങിയ കമ്പികളും ഒരുപാട് പേരുടെ വിയർപ്പിന്റെ അടയാളങ്ങളായി അവശേഷിക്കുന്നു.

അവശ്യമേഖലയിൽ ഉൾപ്പെടുത്തി കുട്ടനാട്ടിൽ കൊയ്ത്തിന് അനുമതി നൽകിയതു പോലെ കർശന പെരുമാറ്റച്ചട്ടങ്ങളോടെ അടിയന്തര പ്രാധാന്യമുള്ള നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നൽകണമെന്ന അവശ്യത്തിന് കരുത്തേറുന്നുണ്ട്. റീബിൽഡ് കേരളയിലും ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്തി നി‌ർമ്മാണം പുരോഗമിച്ചിരുന്ന പല വീടുകളിലും ഇനി മേൽക്കൂര മാത്രം കെട്ടിയാൽ മതി. മഴക്കാല പൂർവ്വ പദ്ധതികൾ നടപ്പാക്കാതിരുന്നാൽ രണ്ട് മാസത്തിനു ശേഷം വെള്ളപ്പൊക്കം അടക്കമുള്ളവ നേരിടേണ്ടി വരും. കൊവിഡ് 19നെ തുരത്താനുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് നിശ്ചിത തൊഴിലാളികളെ ഉപയോഗിച്ച് പണികൾ നടത്തണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

....................................

# പ്രതിസന്ധികൾ

 കെട്ടിക്കിടക്കുന്നത് 12 ലക്ഷത്തിൽപരം ചാക്ക് സിമന്റ്
 മേയ് 31ന് മുൻപ് ഉപയോഗിച്ചില്ലെങ്കിൽ അവ കട്ടകെട്ടി നശിക്കും
 റീ- ബിൽഡ് കേരള, ലൈഫ് ഭവനപദ്ധതി എന്നിവയും മുടങ്ങി
 കോൺക്രീറ്റിംഗിന് തട്ടടിച്ച കെട്ടിടങ്ങൾ നിരവധി

 നിർമ്മാണം വൈകിയാൽ തട്ടുകൾക്ക് ബലക്ഷയമുണ്ടാവും
 റോഡുകളുടെ പ്രീ - മൺസൂൺ പണികളും മുടങ്ങി

...............................

# നിർദ്ദേശങ്ങൾ

 നിർമ്മാണമേഖലയ്ക്കും എൻജിനീയർമാർക്കും പെരുമാറ്റച്ചട്ടം വേണം

 പരമാവധി 10 തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി പണികൾ നടത്തണം

 തൊഴിലാളികൾ ജോലിസ്ഥലത്തും ക്യാമ്പിലും മാത്രമേ സഞ്ചരിക്കാവൂ

 വീടുകൾക്കും മഴക്കാല പൂർവ്വ ജോലികൾക്കും മുൻഗണന നൽകണം

...............................

കുട്ടനാട്ടിലെ കൊയ്ത്ത് ജോലികൾ മാതൃകയാക്കി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകണം. നിശ്ചിത സമയത്ത് പണികൾ പൂർത്തിയാക്കാത്ത പക്ഷം ഭീമമായ നഷ്ടം നേരിടേണ്ടി വരും. കൃത്യമായ പെരുമാറ്റച്ചട്ടം ഉറപ്പാക്കി നടപ്പാക്കാവുന്ന കാര്യങ്ങളേയുള്ളൂ നിർമ്മാണ മേഖലയിൽ

(വർഗീസ് കണ്ണമ്പള്ളി,സംസ്ഥാന പ്രസിഡന്റ്, കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ.)