അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വൃദ്ധയുടെ ചികിത്സ ചെലവിനുള്ള പണം വാങ്ങാൻ ചെറുമകൻ വീട്ടിലേക്കു പോയ സമയം, വൃദ്ധയ്ക്ക് കൂട്ടിരുന്ന ഭർത്താവായ 85കാരന് കോവണിപ്പടിയിൽ നിന്നു തെന്നി വീണ് പരിക്കേറ്റു.
ഹരിപ്പാട് മുട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന ഗോപാലകൃഷ്ണനാണ് മുഖത്തും പല്ലിനും പരിക്കേറ്റത്. വായിൽ അഞ്ചോളം തുന്നലുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പത്മം (75) വൃക്ക സംബന്ധമായ അസുഖത്തിന് മെഡി. ആശുപത്രിയിലെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭാര്യയുടെ രക്ത പരിശോധനയ്ക്ക് വേണ്ടിയാണ് ഗോപാലകൃഷ്ണൻ ഒന്നാം നിലയിൽ നിന്ന്, ലാബ് പ്രവർത്തിക്കുന്ന നാലാം നിലയിലേക്കു പോയത്. ബന്ധുവിൽ നിന്ന് പണവുമായി തിരികെ വന്ന ചെറുമകൻ 750 രൂപ ആട്ടോക്കൂലി നൽകുന്നതു കണ്ട സാമൂഹിക പ്രവർത്തകൻ നവാസ് കോയ പല്ലന ആട്ടോ ഡ്രൈവറെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. നിസഹായാവസ്ഥ തിരിച്ചറിഞ്ഞ ആട്ടോഡ്രൈവർ ആട്ടോക്കൂലി തിരികെ നൽകി. തുടർന്ന് നവാസ് കോയ സ്വന്തം നിലയിൽ 500 രൂപ ആട്ടോ ഡ്രൈവർക്ക് നൽകിയാണ് തിരിച്ചയച്ചത്.