ചേർത്തല:കണ്ണിലെ അപൂർവ കാൻസറിന് ഹൈദരാബാദിലെ ആശുപത്ര്രിയിൽ കീമോ തെറാപ്പി പൂർത്തിയാക്കിയ ഒന്നര വയസുകാരി അൻവിതയും മാതാപിതാക്കളും ഇന്നു പുലർച്ചെയോടെ നാട്ടിൽ തിരിച്ചെത്തി.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വ്യാഴാഴ്ച്ചയാണ് കീമോ പൂർത്തിയായത്.ഒരു ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇന്നലെ പുറപ്പെട്ടത്. ചേർത്തലയിൽ നിന്ന് പുറപ്പെട്ട സാന്ത്വനം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസിൽ തന്നെയാണ് മടക്കം. സംസ്ഥാന അതിർത്തികളിലെയും റോഡിലെയും തടസങ്ങൾ നീക്കാൻ സംസ്ഥാന സർക്കാർ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചേർത്തല മുനിസിപ്പൽ 21-ാം വാർഡ് മുണ്ടുപറമ്പത്തുവെളി വിനീതിന്റെയും ഗോപികയും മകളായ അൻവിതയുടെ കാൻസർ ചികിത്സ ഹൈദരാബാദിലെ ആശുപത്രികളിലാണ് നടന്നിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ പറ്റാതെ കീമോ മുടങ്ങിയേക്കാമെന്ന ആശങ്കയ്ക്കിടെ സംസ്ഥാന സർക്കാർ ഇടപെട്ട് പ്രത്യേക ആംബുലൻസിൽ യാത്രാസൗകര്യവും അനുമതികളും നൽകുകയായിരുന്നു.മൂന്നാമത്തെ കീമോയ്ക്ക് 28ന് വീണ്ടും ഹൈദരാബാദിലെത്തണം. ലോക്ക് ഡൗൺ തുടരുകയാണെങ്കിൽ വീണ്ടും സർക്കാർ ഇടപെടൽ അനിവാര്യമാകും.