മാവേലിക്കര: മാസം തികയാൻ 35 ദിവസം ബാക്കിനിൽക്കെ, ഗോപിനാഥക്കുറുപ്പിന്റെ കുറുമ്പിപ്പശുവിന് സുഖപ്രസവം. സുന്ദരനൊരു കുളക്കുട്ടൻ. അവനൊരു പേരിടാൻ വീട്ടുകാർ ആരോടും അഭിപ്രായം ചോദിച്ചില്ല, ആ മുഖത്തേക്കു നോക്കി കുറുപ്പ് വിളിച്ചു; മോനേ, കൊവിഡേ...
ഇന്നലെ ഉച്ചയ്ക്കാണ് വെട്ടിയാർ ശ്രീരംഗത്ത് ഗോപിനാഥ കുറുപ്പിന്റെ പശു കാളക്കുട്ടിക്ക് ജന്മം നൽകിയത്. കണക്കു പ്രകാരം മേയ് 15 ആണ് പ്രസവ തീയതി. മാസം തികയാത്ത പ്രസവത്തിന്, കൊവിഡ് കാരണം ഡോക്ടറുടെ സേവനവും പരിമിതമായിരുന്നു. ലോകമെങ്ങും കൊവിഡ് നിറങ്ങു നിൽക്കുന്നതിനാൽ വേറൊരു പേര് ആലോചിക്കേണ്ടി വന്നില്ലെന്ന് കുറുപ്പ് പറഞ്ഞു.
ഇതിനിടെ അടുക്കളയിൽ നിന്നുവന്ന ഗൃഹനാഥ ഉഷാകുമാരി വക ഒരു ഡയലോഗ്; ഇവൾക്കു പിറന്നത് പശുക്കുട്ടിയായിരുന്നെങ്കിൽ ഞങ്ങള് 'കൊറോണ' എന്നു വിളിച്ചേനെ..!