എണ്ണയിട്ട യന്ത്രങ്ങൾ പോലെ ജനപ്രതിനിധികളും ജീവനക്കാരും
ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും ലോക്ക് ഡൗൺ കാലത്തും സർക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ. ആഴ്ചയിൽ ഏഴുദിവസം 24 മണിക്കൂറും കണ്ണിമ ചിമ്മാതെ തദ്ദേശസ്ഥാപനങ്ങൾ പുലർത്തുന്ന ജാഗ്രതയുടെ നേർസാക്ഷ്യമാണ് ജില്ലയിലെമ്പാടും സുഗമമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ.
സർക്കാർ ഉത്തരവിറക്കി തൊട്ടടുത്ത ദിവസം തന്നെ ജില്ലയിൽ 92 കമ്മ്യൂണിറ്റി കിച്ചണുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനസജ്ജമായത്. കൊവിഡ് 19 പ്രതിരോധ, നിയന്ത്രണ, ബോധവത്കരണ പ്രവർത്തനങ്ങൾ, ഐസൊലേഷനിൽ കഴിയുന്നവർക്ക് അനുബന്ധ സേവനങ്ങൾ എന്നിവയിൽ ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും താങ്ങായും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് ടാങ്കർ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തിയും ശ്രദ്ധ പതിപ്പിക്കുകയാണ് തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ജീവനക്കാരും.
ജില്ലാ ഭരണകൂടത്തിന്റെയും, സംസ്ഥാന തദ്ദേശ വകുപ്പിന്റെയും ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ആരംഭിച്ച കൺട്രോൾ റൂമിന്റെയും പെർഫോമൻസ് ആഡിറ്റ് വിഭാഗത്തിന്റെയും മേൽനോട്ടത്തിലാണ്. ജില്ലയിൽ ഇതിനകം 2.34 ലക്ഷത്തിലേറെ പേർക്ക് കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഭക്ഷണം നൽകിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം. ഷഫീഖ് അറിയിച്ചു. ആവശ്യമുള്ള ഇടങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതടക്കമുള്ള അടിയന്തര സേവനങ്ങളും പഞ്ചായത്തുകളും നഗരസഭകളും നിർവഹിക്കുന്നു.
കൈകഴുകൽ കേന്ദ്രങ്ങൾ
കൈകഴുകുന്നതിനു വെള്ളവും സോപ്പും, ഹാൻഡ് സാനിട്ടൈസറും ലഭ്യമാക്കി. ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശുചീകരണവും മാലിന്യനിർമ്മാർജ്ജനവും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി. തദ്ദേശവകുപ്പിന്റെ നിർദ്ദേശാനുസരണം കൊവിഡ്‌കെയർ സെന്ററുകൾ, ഐസൊലേഷൻ സംവിധാനം, താത്കാലിക ആശുപത്രികൾ, ഒഴിഞ്ഞുകിടക്കുന്ന ആശുപത്രികൾ, ഹോസ്റ്റലുകൾ, പരിശീലനസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഒഴിഞ്ഞ വീടുകൾ, കെട്ടിടങ്ങൾ എന്നിവ കണ്ടെത്തി പട്ടിക തയ്യാറാക്കി. നഗരസഭാതലത്തിൽ പ്രത്യേക 'ദുരന്ത നിവാരണ പദ്ധതി' രൂപീകരിക്കാൻ നടപടികൾ സ്വീകരിച്ചു. പ്രാദേശിക സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി എട്ടുപേർ അടങ്ങുന്ന 'അടിയന്തര പ്രതികരണ ടീം' ഓരോ വാർഡിലും രൂപീകരിച്ച് കിലയുടെ പരിശീലനം നൽകിുകയും ചെയ്തു.