തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് സാന്ത്വനം പകരാൻ സ്വന്തം പേരിൽ ഹെൽത്ത് കെയർ പദ്ധതിയുമായി ഷാനിമോൾ ഉസ്മാൻ എം.എൽ.എ. 'ഷാനിമോൾ ഇനിഷ്യേറ്റീവ്' എന്ന പേരിലുള്ള പദ്ധതി അരൂക്കുറ്റി ഗവ.ആശുപത്രിയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.

തീരദേശ മേഖലയിലെ ഏതെങ്കിലും ഒരു ആശുപത്രിയിൽ കൂടി ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കു മെന്ന് എം.എൽ.എ. പറഞ്ഞു. ഓക്സിജൻ ആവശ്യമായിട്ടുള്ള കിടപ്പുരോഗികൾക്ക് ഇത് പ്രയോജനകരമാകും. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനാൽ റീഫിൽ ചെയ്യേണ്ട ആവശ്യമില്ല. മാത്രവുമല്ല വലിപ്പം കുറവായതിനാൽ ഉപയോഗിക്കാൻ കൂടുതൽ സൗകര്യവും ഉണ്ട്. ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവ ലഭ്യമാക്കിയത്. സുഹൃത്തുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ഉൾപ്പെടെയുള്ള ഒരു കൂട്ടം സുമനസ്സുകളുടെ സഹായത്താലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.