ചാരുംമൂട്: മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിയുടെ ചുണ്ട് തെരുവുനായ കടിച്ചെടുത്തു. കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താമരക്കുളം തടത്തിൽ മോഹനവിലാസത്തിൽ മോഹനന്റെ മകൾ വൈശാഖിയെയാണ് തെരുവുനായ കടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഓടിവന്ന നായ കുഞ്ഞിന്റെ മുഖത്ത് കടിച്ച് പരിക്കേൽപിച്ചത്. മുൻവശത്തെ ചില പല്ലുകളും അടർന്നുപോയിട്ടുണ്ട്. കൊല്ലത്തുള്ള ആശുപത്രിയിലെത്തിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റുകയുമായിരുന്നു. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗീതയും ആരോഗ്യ പ്രവർത്തകരും വീട്ടിലെത്തി. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5000 രൂപ അടിയന്തര ചികിത്സാ സഹായമായി നൽകി.