photo

ചേർത്തല: കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള വിവാഹം മാതൃകയായി. മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ തുണ്ടുചിറയിൽ വീടാണ് ആഘോഷങ്ങൾ അതിരിനു പുറത്താക്കിയ വിവാഹത്തിനു വേദിയായത്.

വരൻ എസ്.എൽ.പുരം നടുവത്തേഴത്തുവീട്ടിൽ രാഹുൽ രാജിനോടൊപ്പം മാതാപിതാക്കളായ ബാബുരാജും ഓമനയും കൂടെ സഹോദരിയും ഭർത്താവും. പിന്നെ വരന്റെ ആൾക്കാരായി ആകെ അഞ്ചു പേർ മാത്രം. വധൂഗൃഹത്തിൽ വധു അനുപമയുടെ മാതാപിതാക്കളായ ജയകുമാറും അജിതയും ഉൾപ്പെടെ എണ്ണപ്പെട്ട അടുത്ത ബന്ധുക്കളും. കൊട്ടും കുരവയുമില്ലാതെ വീടിന് മുന്നിലെ ചെറിയ പന്തലിൽ അനുപമയുടെ വിവാഹം നടന്നു. പുരോഹിതനില്ലാതെ അച്ഛൻ എടുത്ത് നൽകിയ പുഷ്പമാലയും താലിയും ചാർത്തി അനുപമയെ രാഹുൽ രാജ് ജീവിത സഖിയാക്കി. സ്വന്തം വീട്ടിലെ അടുക്കളയിൽ തയ്യാറാക്കിയ ഭക്ഷണമായിരുന്നു കല്യാണ സദ്യ.