 ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ 60,000

ആലപ്പുഴ: ലോക്ക് ഡൗൺ സഹായം ചില വിഭാഗങ്ങൾക്കു മാത്രം കിട്ടിയതിൽ മോട്ടോർ തൊഴിലാളികൾ പ്രതിഷേധത്തിൽ. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ മാത്രം ഏകദേശം 60,000ത്തോളം അംഗങ്ങളുണ്ട്. മുഴുവൻ തൊഴിലാളികളും ക്ഷേമനിധി വിഹിതം കൃത്യമായി അടയ്ക്കുന്നവരല്ല. ദിവസേന കിട്ടുന്ന കുറഞ്ഞ വേതനമാണ് കാരണം. വാഹനങ്ങൾ നിരത്തിലിറക്കിയിട്ട് 21 ദിവസം പിന്നിടുന്നു.

450 സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നടത്തുന്നുണ്ട്. ഒരു ബസിൽ മിനിമം മൂന്ന് ജീവനക്കാർ. നേരത്തെ ഇത് അഞ്ചായിരുന്നു. ഡ്രൈവർ-850, കണ്ടക്ടർ-750, ക്ളീനർ-700 എന്നിങ്ങനെയാണ് തൊഴിലാളികളുടെ ശമ്പള നിരക്ക്. ആദ്യത്തെ കുറച്ച് ദിവസം ഉടമകൾ ചെറിയ തുക നൽകിയെങ്കിലും ലോക്ക്ഡൗൺ നീണ്ടതിനാൽ ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇതും കിട്ടാതായി. സൗജന്യ റേഷനാണ് പല കുടുംബങ്ങളുടെയും ആശ്രയം. ആട്ടോറിക്ഷാ, ടാക്സി മേഖലയിലെ തൊഴിലാളികളും ഇതേ അവസ്ഥയിലാണ്. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം.

 ഉടമകളും പ്രതിസന്ധിയിൽ

ബസ് ഉടമകളും പ്രതിസന്ധിയിലാണ്. 35 സീറ്റിന്റെ പുതിയ ബസ് ഇറക്കണമെങ്കിൽ 35 ലക്ഷം രൂപയാകും. ഇരട്ടക്കുളങ്ങര-കലവൂർ, മണ്ണഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് 7000 രൂപയാണ് പ്രതിദിന കളക്ഷൻ. ജീവനക്കാരുടെ വേതനവും ഡീസൽ ചാർജും കഴിച്ചാൽ പിന്നെ തുച്ഛമായ തുകയാണ് ബസുടമകൾക്ക് ലഭിക്കുന്നത്. ഇതിന് പുറമേ മൂന്ന് മാസത്തിൽ ഒരിക്കൽ റോഡ് ടാക്സും അടയ്ക്കണം.

 ഹോട്ടലുകൾ ആശങ്കയിൽ

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗത്വമുള്ള 5000ൽ അധികം കടകൾ ജില്ലയിലുണ്ട്. വരുമാനത്തിലെ കുറവ് പല കടകളുടെയും നിലനില്പിനെ കാര്യമായി ബാധിച്ചു. അന്യസംസ്ഥാന തൊഴിലാളികളിൽ പലരും രോഗവ്യാപനം രൂക്ഷമാവും മുമ്പ് നാട്ടിലേക്കു മടങ്ങി. രോഗം ഭേദമായാലും ഇവർ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഹോട്ടൽ മേഖലയിൽ ജില്ലയിൽ 50,000ൽ അധികം തൊഴിലാളികളുണ്ട്. ഹോട്ടലുടമകളുടെ വായ്പാ തിരിച്ചടവും പ്രതിസന്ധിയിലായി.

....................................

എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികൾ. സർക്കാർ മറ്റ് മേഖലകളിൽ നൽകുന്ന സഹായം ഹോട്ടൽ മേഖലയിലും നൽകണം.ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനും വിവിധ ലൈസൻസുകൾ പുതുക്കാനും ബാങ്ക് ലോണുകൾ അടയ്ക്കാനും സാവകാശം അനുവദിക്കണം

(കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

..................................

ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂണിൽ ബസുകൾ നിരത്തിലിറക്കാൻ കഴിയും. നികുതിയിൽ ഒരു ക്വാർട്ടർ ടാക്സ് ഇളവ് അനുവദിക്കണം. വായ്പാ കുടിശ്ശിക വന്നിട്ടുള്ള ബസുടമകളുടെ പേരിൽ തുടർ നടപടികൾ എടുക്കാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം

.

(സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ, ജില്ലാ കമ്മിറ്റി)
............................................

# ജില്ലയിലെ കണക്ക്

 സ്വകാര്യ ബസുകൾ-850

 ആട്ടോറിക്ഷ-25,000

 ടാക്സി- 9600

 ഹൗസ്ബോട്ടുകൾ- 850

 ഹോട്ടലുകൾ- 5,000

 ക്ഷേമനിധി അംഗങ്ങൾ- 60,000