ആലപ്പുഴ: എഴുത്തിന്റെ പിരിമുറുക്കം ഒഴിഞ്ഞ് കുടുംബത്തിനൊപ്പമാണെങ്കിലും സംഗീതസംവിധായകൻ എം.കെ.അർജ്ജുനൻ മാഷിന്റെ വേർപാട് ഏൽപ്പിച്ച മുറിവിലാണ് ഗാനരചയിതാവ് രാജീവ് ആലുങ്കൽ. പക്ഷേ, കൊവിഡിന്റെ ദുരിത ദിനങ്ങളിൽ രാജീവ് വെറുതെയിരുന്നില്ല. കരകയറാൻ സർക്കാരും വിവിധ വകുപ്പുകളും നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് ഒരു പാട്ടെഴുതി. ഇടുക്കിയിലിരുന്ന് ഡോ.ഡൊണാൾഡ് മാത്യു നൽകിയ സംഗീതത്തിന് ഗായകരായ ശ്വേതാമോഹനും ലിബിൻ സക്കറിയയും ചെന്നൈയിൽ ശബ്ദമേകി.

"ചേരാം ഒരു പോലെ ഈ തോരാമാരിക്കെതിരെ,

ഇന്നകലംകരുതി പൊരുതി അതിജീവനം,

നേടും രണവിജയം ഈ കേരള മാതൃക..." എന്ന പാട്ട് സർക്കാർ സൈറ്രുകളിലും സമൂഹ മാദ്ധ്യമങ്ങളിലും ഇതിനകം ഹിറ്ര്. 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' എന്ന ചിത്രത്തിനായി രാജീവ് എഴുതിയ രണ്ട് പാട്ടുകൾ പള്ളുരുത്തിയിലെ വീട്ടിൽ വച്ചാണ് അർജ്ജുനൻ മാഷ് ചിട്ടപ്പെടുത്തിയത്. കലാഭവൻ സാബുവാണ് ട്രാക്കെടുത്തത്." 'ആരുമില്ലാത്തവർക്കത്താഴത്തിന് അരത്തുടം കണ്ണീര് ' എന്ന വരികൾ മാഷിന് ഏറെ ഇഷ്ടപ്പെട്ടു. പക്ഷെ റിക്കാർഡിംഗിന് കാത്തുനിൽക്കാതെ മാഷ് പോയി.." രാജീവ് ദുഖത്തോടെ ഓർത്തു. തന്റെ 130-ാമത് ചലച്ചിത്രമായ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരടി'ന് വേണ്ടി എഴുതിയ രണ്ട് ഗാനങ്ങൾ പൂർത്തിയാക്കിയ ഘട്ടത്തിലാണ് കൊവിഡിന്റെ വരവ്. ചേർത്തല കടക്കരപ്പള്ളി പഞ്ചായത്തിലെ കണ്ടനാട്ട് വീട്ടിലേക്ക് നേരെ വച്ചുപിടിച്ചു. പിന്നെ പുറത്തിറങ്ങിയിട്ടില്ലെന്നും രാജീവ് പറയുന്നു. ഭാര്യ ദീപ, മക്കളായ അഭിനവ്, ആകാശ് എന്നിവർക്കൊപ്പം വീട്ടിൽ സ്വസ്ഥം.

..................

ഇപ്പോഴത്തെ പ്രതിസന്ധിയെ നമ്മൾ അതിജീവിക്കും. ഗാനരംഗത്തും അതിജീവനത്തിന്റെ കാലമാണ്. അപ്രത്യക്ഷമായ കാസെറ്റും സി.ഡിയും പെൻഡ്രൈവ് രൂപത്തിൽ തിരിച്ചെത്തുന്നു. ഞാൻ രചിച്ച 10 ഭക്തിഗാനങ്ങൾ സർഗ്ഗം മ്യൂസിക്സ് പെൻഡ്രൈവിലാക്കി പുറത്തിറക്കുകയാണ്. കെ.എം.ഉദയനാണ് സംഗീതം.

(രാജീവ് ആലുങ്കൽ)