ആലപ്പുഴ: ലോക്ക്ഡൗൺ ആസ്വാദ്യകരമാക്കാൻ സമൂഹ മാധ്യമം വഴി മത്സരങ്ങളൊരുക്കുകയാണ് ആലപ്പുഴ നഗരസഭ.
ലോക്ക് ഡൗൺ സമയത്ത് കുടുംബത്തിന്റെ ഒത്തു ചേരലിന്റെ അപൂർവങ്ങളായ നിമിഷങ്ങൾ ഒാന്നോ രണ്ടോ മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളാക്കി നഗരസഭയുടെ ഫേസ്ബുക്ക് പേജിലേക്ക് പോസ്റ്റ് ചെയ്യാം. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഉൾപ്പെടുത്തിയാകണം ഓരോ വീഡിയോയും പോസ്റ്റ് ചെയ്യേണ്ടത്. ഓരോ ദിവസവും ഓരോ ഇവന്റ് എന്ന ക്രമത്തിലാണ് മത്സരങ്ങൾ. വീടുകളിൽ കൊവിഡ് പ്രതിരോധത്തിനായി നടത്തിയിട്ടുള്ള ഒരുക്കങ്ങൾ, അണുനശീകരണ പ്രവർത്തനങ്ങൾ, മാലിന്യ സംസ്‌കരണം, അടുക്കളത്തോട്ടം തുടങ്ങിയവ ഓരോ മിനിറ്റുള്ള വീഡിയോ ആയി പോസ്റ്റ് ചെയ്യാം.
സന്തോഷകരമായ മുഹൂർത്തം, എല്ലാ അംഗങ്ങളും കൂടിയുള്ള പരമ്പരാഗത രീതിയിലുള്ള പാചകം, കുട്ടികളുടെ കലാപ്രദർശനം ചിത്രരചന, മുതിർന്നവരുടെ നാടൻപാട്ട് അനുഭവക്കുറിപ്പ്, നുറുങ്ങുകൾ തുടങ്ങിയവയുടെ ദൃശ്യങ്ങൾ പേജിൽ അപ്‌ലോഡ് ചെയ്യാം. തിരഞ്ഞെടുക്കുന്ന വീഡിയോകൾക്ക് നഗരസഭ സമ്മാനം നൽകുമെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു.