photo

ആലപ്പുഴ: കൊവിഡ് കാലത്ത് വരയുടെ വിസ്മയ ലോകം തീർക്കുകയാണ് പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ എഴാം ക്ളാസുകാരി അഭിരാമി. പ്രകൃതിഭംഗിയും മനുഷ്യരും പക്ഷിമൃഗാദികളും നിറവൈവിദ്ധ്യങ്ങളോടെ കടലാസിൽ പിറവിയെടുക്കുന്നു. ചേട്ടന്റെയും അച്ഛന്റെയും സഹായത്തോടെ സംഘടിപ്പിച്ച സ്‌കെച്ചു പേനകളും ക്രയോൺസും കൊണ്ടാണ് മനസിൽ കരുതിയതൊക്കെ ഈ കൊച്ചുമിടുക്കി വരച്ചു കൂട്ടിയത്. അച്ഛനും അമ്മയും ചിത്രങ്ങൾ വിലയിരുത്തി തെറ്റുകൾ ചൂണ്ടിക്കാട്ടി. ദിവസേന പത്രവാർത്തകൾ വായിച്ച് കൊവിഡ് ഭീകരാവസ്ഥ മനസിലാക്കി. വരയുടെ ആശയങ്ങൾ അങ്ങനെ രൂപപ്പെട്ടു. ഇതിനകം ഇരുപതിലധികം ചിത്രങ്ങൾ പൂർത്തിയായി.

വായനയിൽ തത്പരയാണ് അഭിരാമി. കുട്ടികൾക്കിണങ്ങുന്ന പുസ്തകങ്ങൾ കിട്ടുന്ന ലൈബ്രറികൾ അടുത്തില്ലാത്ത് പ്രയാസമുണ്ടാക്കുന്നു. കഥകളോടാണ് പ്രിയം.

പഠിപ്പിലും വരയിലും മാത്രമല്ല, പ്രസംഗകലയിലും മികവ് പുലർത്തുന്നു ഈ കൊച്ചു മിടുക്കി. ഹിന്ദി പ്രസംഗത്തിൽ ജില്ലാതലത്തിൽ മത്സരിച്ചിട്ടുണ്ട്. സ്‌കൂൾ തലത്തിലും ഉപജില്ലാതലത്തിലും സമ്മാനം ലഭിച്ചു. ഏഴാംക്ലാസിൽ പരീക്ഷയെഴുതി കാത്തിരിക്കുന്നു. ചെറിയപത്തിയൂർ ശിവസദനത്തിൽ ഗവ.പ്രസ് ജീവനക്കാരൻ ശിവപ്രകാശിന്റെയും അജിതാറാണിയുടെയും മകളാണ്. സഹോദരൻ എസ്.പി.അഭിദേവ് ഇതേ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി.