ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം 544-ാംനമ്പർ ശാഖ കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയാകുന്നു.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം, വിഷുക്കൈനീട്ടമായുള്ള ഭക്ഷ്യധാന്യ കിറ്റ് വിഷുവിന് മുന്നോടിയായി ശാഖയിലെ 6 കുടുംബ യൂണറ്റുകളിലെ 450 ഓളം കുടുംബങ്ങളിൽ എത്തിച്ചു. ശാഖ ചെയർമാൻ കെ.എൽ.അശോകൻ ഭക്ഷ്യ ധാന്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ,സൈബർ സേന യൂണിയൻ ചെയർമാൻ ബാലേഷ് പറയകാട്, കൺവീനർ അജി ഇടപ്പുങ്കൽ,പി.ഡി.ലക്കി, ടി.ഡി.പ്രകാശൻ തച്ചാപറമ്പിൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ സമിതി അംഗം ശ്യാംകുമാർ, സുനിൽ, ദിലീപ്, സുഗുണൻ, ഷിനുകുമാർ,പ്രസന്നൻ,പ്രജിത്ത്,സാജു, സ്കൂൾ പ്രിൻസിപ്പൽ ഡി.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. ശാഖയിലെ 118 അംഗങ്ങൾക്ക് യൂണിറ്റ് കൺവീനർമാർ വഴി പെൻഷനും നൽകിയിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥിരം കിടപ്പ് രോഗികൾ, വാർദ്ധക്യ സഹജമായ അസുഖബാധിതർ, അംഗ പരിമിതർ എന്നിവർക്ക് ലോക്ക് ഡൗൺ കാലയളവിൽ ഡോക്ടറുടെ ചീട്ട് അനുസരിച്ച് മരുന്നുകൾ വീട്ടിലെത്തിച്ച് നൽകുന്ന പ്രവർത്തനവും ശാഖയോഗം നടപ്പാക്കുന്നുണ്ട്.
അപകടത്തിൽ പരിക്കേറ്റ
വിദ്യാർത്ഥികൾക്ക് വിഷുക്കൈനീട്ടം
പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ ഇടിച്ച് പരിക്കേറ്റ പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനികളായ സാഗി സാബു, അനഘ, ചന്ദന എന്നിവരുടെ വീട്ടിൽ സ്കൂൾ മാനേജരും ശാഖ ചെർമാനുമായ കെ.എൽ.അശോകൻ നേരിട്ടെത്തി വിഷുക്കൈനീട്ടവും ഭാക്ഷ്യധാന്യകിറ്റും കൈമാറി. ഇവർക്ക് സഹായമെത്തിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി നിർദ്ദേശിച്ചിരുന്നു.
മാർച്ച് 10ന് ആദ്യ ദിവസത്തെ പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൂച്ചാക്കൽ പള്ളിവെളി കവലയ്കു കിഴക്കു വശം വച്ച് അമിത വേഗത്തിൽ വന്ന കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. കുട്ടികൾ ഇപ്പോഴും കിടക്കയിലാണ്. അപകട ദിവസം തന്നെ സ്കൂളിന്റെ വകയായി പ്രാഥമിക ആവശ്യങ്ങൾക്കുള്ള സഹായം ആശുപത്രിയിലെത്തി മാനേജർ നൽകിയിരുന്നു. ഇവർക്ക് തുടർ ചികിത്സയ്ക്കുള്ള എല്ലാ സഹായവും നൽകുമെന്ന് കെ.എൽ.അശോകൻ അറിയിച്ചു.