ആലപ്പുഴ: പ്രവാസികളുടെ ക്ഷേമത്തിനായി യു.പി.എ സർക്കാർ രൂപീകരിച്ച സ്വതന്ത്ര മന്ത്രാലയമായിരുന്ന പ്രവാസി ഭാരതീയ ക്ഷേമ വകുപ്പ് വിദേശകാര്യ വകുപ്പിൽ ലയിപ്പിച്ച നടപടി തെറ്റായിരുന്നുവെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പ്രവാസികൾ രാജ്യത്തിന്റെ ശക്തിയെന്ന് തിരിച്ചറിഞ്ഞു കൊണ്ട് യു.പി.എ സർക്കാർ പ്രവാസി ഭാരതീയ ക്ഷേമ വകുപ്പ് സ്ഥാപിച്ചത്. എൻ.ഡി.എ സർക്കാർ ഈ വകുപ്പിനെ വിദേശ കാര്യ വകുപ്പിലെ ഒരു ഡിവിഷൻ മാത്രമായി ചുരുക്കി. കൊവിഡിൽ ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾക്ക് ക്ഷേമം ഉറപ്പു വരുത്തുന്നതിലും അവരുടെ പരാതികളിൽ കാര്യക്ഷമമായി ഇടപെടുന്നതിലും നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ എടുക്കാൻ മറ്റനവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിദേശകാര്യ വകുപ്പിന് കഴിയുന്നില്ലെന്ന വസ്തുത തിരിച്ചറിയണമെന്നും എം പി പറഞ്ഞു.