ആലപ്പുഴ: ലോക്ക്ഡൗൺ മാനദണ്ഡം പാലിച്ചുകൊണ്ട് നാടാകെ ഈസ്റ്റർ ആഘോഷിച്ചു.
ടി.വി ചാനലുകളിലൂടെയും യൂ ട്യൂബിലുടെയുമാണ് ഉയിർപ്പ് ദിനത്തിന് ഭക്തർ സാക്ഷ്യം വഹിച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് പള്ളിയിലെ ഒരുമിച്ചു കൂടിയുള്ള പ്രാർത്ഥനകൾ ഇല്ലാതെയായിരുന്നു ഈസ്റ്റർ ആഘോഷം. 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റർ വിശ്വാസികൾ ആഘോഷിച്ചത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളുണ്ടായെങ്കിലും വിശ്വാസികളെ ഉൾപ്പെടുത്തിയിരുന്നില്ല. വൈദികർ മാത്രമാണ് ഉണ്ടായിരുന്നത്. വൈദികരും ശുശ്രൂഷകരും ഉൾപ്പെടെ അഞ്ച് പേരുമാത്രം ചേർന്നായിരുന്നു മിക്ക ദേവാലയങ്ങളിലും ഈസ്റ്റർ ശുശ്രൂഷകൾ പൂർത്തിയാക്കിയത്.
ദേവാലയങ്ങളിൽ തിരുക്കർമ്മങ്ങൾ വിശ്വാസികൾക്ക് ലൈവ് സ്ട്രീമിങ്ങിലൂടെ കാണാനും സൗകര്യം ഒരുക്കി. ജില്ലയിലെ പ്രധാന പള്ളികളായ പൂങ്കാവ്, ചേർത്തല തങ്കി പള്ളി, തുമ്പോളി എന്നിവിടങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ യൂ ട്യൂബ് ചാനലുകളിലും പ്രാദേശിക ചാനലുകളിലും തത്സമയം കാണിച്ചിരുന്നു.