ചേർത്തല: ലോക്ക് ഡൗൺ തുടക്കം മുതൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച നാല് കമ്മൂണിറ്റി കിച്ചണുകൾ മുഖേന ഇതിനകം വിശപ്പടക്കിയത് പതിനായിരത്തിലധികം പേർ.
പതിനേഴാം വാർഡംഗം ലിജിയുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നത്. നാല് കമ്മ്യൂണിറ്റി കിച്ചണുകൾക്ക് നേതൃത്വം നൽകുന്നവർക്കും സഹായികൾക്കും അഭിനന്ദനവുമായി മന്ത്റി തോമസ് ഐസക്ക് എത്തി. ജ്വാല ഗ്രൂപ്പിലും നന്ദൂസ് ഗ്രൂപ്പിലും എത്തിയ ശേഷം മന്ത്റി തനിമയിലും എത്തി. 2013 ൽ ആരംഭിച്ച തനിമ യൂണിറ്റിന് ജില്ല പഞ്ചയത്ത് വൈസ് ചെയർപെഴ്‌സൺ സിന്ധു വിനു, ഗ്രാമപഞ്ചായത്ത് ചെയർപെഴ്‌സൺ സുധർമ്മ സന്താഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഗ്രൂപ്പ് സ്വന്തമായി വാങ്ങിയ സ്ഥലത്ത് പഞ്ചായത്ത് 24 ലക്ഷം രൂപ കെട്ടിടം പണിയാൻ അനുവദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപെഴ്‌സൺമാരായ രമാ മദനൻ, ബിനിത മനോജ്, മുൻ ഗ്രാമ പഞ്ചായത്തംഗം എം.ബി.സുഗുണൻ തുടങ്ങിയവരും തനിമയിൽ നടന്ന ചടങ്ങിൽ പങ്കാളികളായി. നാല് ഗ്രൂപ്പുകളെയും പഞ്ചായത്ത് ആദരിക്കുമെന്ന് പ്രസിഡന്റ് പി.എസ്.ജ്യോതിസ് പറഞ്ഞു.